142-ാം അനുച്ഛേദം ജനാധിപത്യ ശക്തികള്‍ക്കെതിരായ ആണവ മിസൈല്‍; ജുഡീഷ്യറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉപരാഷ്ട്രപതി

142-ാം അനുച്ഛേദം ജനാധിപത്യ ശക്തികള്‍ക്കെതിരായ ആണവ മിസൈല്‍; ജുഡീഷ്യറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ജുഡീഷ്യറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ബില്ലുകള്‍ പാസാക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെയാണ് വിമര്‍ശനം ഉന്നയിച്ചത്. കോടതികള്‍ രാഷ്ട്രപതിയ്ക്ക് നിര്‍ദേശം നല്‍കുന്ന സാഹചര്യം നമുക്കില്ലെന്ന് അദേഹം പറഞ്ഞു.

സുപ്രീം കോടതിക്ക് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയുടെ 142-ാം അനുച്ഛേദം ജനാധിപത്യ ശക്തികള്‍ക്കെതിരായ ആണവ മിസൈല്‍ ആയി മാറിയിരിക്കുകയാണെന്നും അദേഹം പറഞ്ഞു. രാജ്യസഭാ ഇന്റേണുകളുടെ ആറാം ബാച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
രാഷ്ട്രപതിയാണ് രാജ്യത്തെ പരമോന്നത പദവിയിലുള്ള വ്യക്തി. ഈയടുത്ത് പുറപ്പെടുവിക്കപ്പെട്ട ഒരു വിധിയില്‍ രാഷ്ട്രപതിയോടായി ഒരു കാര്യം നിര്‍ദേശിക്കപ്പെട്ടിരിക്കുകയാണ്. നമ്മള്‍ എവിടേക്കാണ് പോകുന്നതെന്ന്, ബില്ലുകള്‍ പാസാക്കുന്നതിന് സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയെ സൂചിപ്പിച്ചുകൊണ്ട് ധന്‍കര്‍ ചോദിച്ചു. രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? റിവ്യൂ ഫയല്‍ ചെയ്യണോ വേണ്ടയോ എന്നതല്ല ഇവിടുത്തെ ചോദ്യം. 

സമയബന്ധിതമായി തീരുമാനമെടുക്കാന്‍ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്നു. ഇല്ലെങ്കില്‍ അത് നിയമമായി മാറുന്നു. നിയമ നിര്‍മാണങ്ങള്‍ നടത്തുന്ന, എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന 'സൂപ്പര്‍ പാര്‍ലമെന്റ്' ആയി പ്രവര്‍ത്തിക്കുന്ന ജഡ്ജിമാര്‍ നമുക്കുണ്ടെന്നും ധന്‍കര്‍ വിമര്‍ശിച്ചു.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ കണ്ടെത്തിയ സംഭവത്തിലും ധന്‍കര്‍ ജുഡീഷ്യറിക്കെതിരേ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ സുപ്രീം കോടതി മൂന്നംഗ ജഡ്ജിമാരുടെ സമിതിയെ നിയമിച്ചിരുന്നു. ഇത്തരത്തില്‍ ഒരു അന്വേഷണം ജുഡീഷ്യറിയുടെ അധികാരപരിധിയില്‍ വരുന്നതല്ലെന്ന് അദേഹം പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാനത്തിലാണോ ഈ സമിതി രൂപീകരിച്ചത്. അതല്ല പാര്‍ലമെന്റ് പാസാക്കിയ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലോ ഇതെന്നും ജഗദീപ് ധന്‍കര്‍ ചോദിച്ചു.

ഒരുമാസമായി അന്വേഷണം നടക്കുന്നു. ഈ സമിതിക്ക് എന്ത് നിയമസാധുതയാണുള്ളത്. ഈ സമിതി റിപ്പോര്‍ട്ട് നിയമപരമല്ല. ജഡ്ജിമാരുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും അദേഹം ചൂണ്ടിക്കാട്ടി. മാര്‍ച്ച് 14 നും 15 നും ഇടയിലുള്ള രാത്രിയില്‍ നടന്ന സംഭവം പുറത്തറിഞ്ഞത് ഏഴ് ദിവസത്തിന് ശേഷമാണ്. ഒളിപ്പിച്ചുവച്ച വിവരങ്ങള്‍ പൂര്‍ണ്ണമായും പുറത്തുവരണമെന്നും അദേഹം പറഞ്ഞു.

ജഡ്ജിമാര്‍ക്കെതിരെ കേസെടുക്കണമെങ്കില്‍ ജുഡീഷ്യറിയുടെ അനുമതി വേണമെന്നത് ഭരണഘടനയില്‍ ഒരിടത്തുമില്ലാത്ത നിര്‍വചനമാണ്. പണം കണ്ടെത്തിയ ശേഷം ജഡ്ജിക്കെതിരെ ഒരു എഫ്‌ഐആര്‍ പോലും ഫയല്‍ ചെയ്തിട്ടില്ലെന്നും ജഗദീപ് ധന്‍കര്‍ ഓര്‍മ്മപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.