പോര്‍ച്ചുഗീസ് കാലത്തെ ആചാരങ്ങള്‍ കൈവിടാതെ വൈപ്പിനിലെ ഔര്‍ ലേഡി ഓഫ് ഹോപ്പ് ദേവാലയം; ദുഖ വെള്ളിയാഴ്ച വിശ്വാസികള്‍ക്ക് അപൂര്‍വാനുഭവം

പോര്‍ച്ചുഗീസ് കാലത്തെ ആചാരങ്ങള്‍ കൈവിടാതെ വൈപ്പിനിലെ ഔര്‍ ലേഡി ഓഫ് ഹോപ്പ്  ദേവാലയം; ദുഖ വെള്ളിയാഴ്ച വിശ്വാസികള്‍ക്ക് അപൂര്‍വാനുഭവം

കൊച്ചി: മാനവരാശിയുടെ പാപ വിമോചനത്തിനായി കാല്‍വരിക്കുന്നില്‍ ആണികളാല്‍ തറയ്ക്കപ്പെട്ട് കുരിശില്‍ ജീവന്‍ ബലിയര്‍പ്പിച്ച യേശു ക്രിസ്തുവിന്റെ ഓര്‍മക്കായി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖ വെള്ളി ആചരിക്കുകയാണ്.

കൊച്ചിയിലെ വൈപ്പിനില്‍ സ്ഥിതി ചെയ്യുന്ന 400 വര്‍ഷത്തിലേറെ പഴക്കമുള്ള ഔര്‍ ലേഡി ഓഫ് ഹോപ്പ് ചര്‍ച്ചിലേക്ക് ദുഖ വെള്ളിയാഴ്ച വിശ്വാസികളുടെ ഒഴുക്കാണ്. കൊച്ചി രൂപതയുടെ കീഴിലുള്ളതാണ് ഈ ദേവാലയം.

ആദ്യം പോര്‍ച്ചുഗീസുകാരാണ് പള്ളി നിര്‍മിച്ചതെങ്കിലും പിന്നീട് ഡച്ചുകാര്‍ ഇത് പുനര്‍നിര്‍മിക്കുകയായിരുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളും കൊളോണിയല്‍ പോര്‍ച്ചുഗീസ് കാലഘട്ടത്തിലെ പുണ്യ വസ്തുക്കളുമൊക്കെ ദുഖ വെള്ളിയാഴ്ച വിശ്വാസികള്‍ക്ക് ഇവിടെയെത്തിയാല്‍ കാണാനാകും.

ദുഖ വെള്ളിയാഴ്ചയിലെ പുരാതനമായ ആചാരങ്ങളും പാരമ്പര്യങ്ങളുമൊക്കെ ഇപ്പോഴും ഇവിടെ തുടര്‍ന്നു പോരുന്നുവെന്ന് അസിസ്റ്റന്റ് വികാരി ഫാ. പോള്‍ പള്ളിപ്പറമ്പില്‍ പറയുന്നു. 1500 കളില്‍ ആരംഭിച്ച ചില പാരമ്പര്യങ്ങള്‍ ഇപ്പോഴും ആംഗ്ലോ-ഇന്ത്യന്‍ സമൂഹം അതുപോലെ തന്നെ സംരക്ഷിക്കുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി.

ദുഖ വെള്ളിയാഴ്ച ദിവസം ഏഴടിയോളം നീളമുള്ള ക്രിസ്തുവിന്റെ ഒരു മര ശില്‍പം വിശ്വാസികള്‍ക്ക് വണങ്ങാനായി എഴുന്നള്ളിക്കും. പോര്‍ച്ചുഗലില്‍ നിന്ന് കൊണ്ടു വന്നതാണ് ഈ മര ശില്‍പം. പോര്‍ച്ചുഗീസ് രാജാവായിരുന്ന മാനുവല്‍, ഫ്രാന്‍സിസ്‌കന്‍ മിഷനറിമാര്‍ക്ക് സമ്മാനിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ഈ ശില്‍പത്തിന്റെ തലയും കൈകാലുകളും ചലിപ്പിക്കാവുന്നവയാണ്.

കുരിശ് ചുമന്നു കൊണ്ടുള്ള നടത്തം നിലവില്‍ നിര്‍ത്തി വച്ചിട്ടുണ്ടെങ്കിലും എല്ലാ ദുഖ വെള്ളിയാഴ്ചയും ഈ വിശുദ്ധ ശില്‍പം പുറത്തെടുത്ത് കഴുകി, വസ്ത്രം ധരിപ്പിച്ച് ഒരു മരക്കഷണത്തില്‍ ആരാധനയ്ക്കായി വയ്ക്കും.


ഇതോടൊപ്പം ഒരു വിഭാഗം ആംഗ്ലോ-ഇന്ത്യന്‍ പുരുഷന്മാരുടെ ചില ആചാരങ്ങളും നടത്തും. ക്രിസ്തുവിന്റെ അഞ്ച് തിരുമുറിവുകളില്‍ അഭിഷേകം ചെയ്യുന്നതാണ് മറ്റൊരു പുരാതന ആചാരം. തിരുസ്വരൂപം എഴുന്നള്ളിക്കുന്നതിന് മുന്‍പായി അഞ്ച് തിരുമുറിവുകളിലും പ്രാര്‍ഥനകള്‍ ചൊല്ലുകയും തൈലം അഭിഷേകം ചെയ്യുകയും ചെയ്യും.

പിന്നീട് യേശുവിന്റെ അനുയായികളെ പ്രതിനിധീകരിക്കുന്ന കറുത്ത വസ്ത്രങ്ങളും ഹുഡ്സും ധരിച്ച 12 പേര്‍ പള്ളിക്ക് ചുറ്റും ഈ ശില്‍പം ഘോഷയാത്രയായി കൊണ്ടു പോകും. വ്രത ശുദ്ധിയോടെ സ്ത്രീകള്‍ ദാനം ചെയ്ത മുടി കൊണ്ട് നിര്‍മിച്ച ഒരു വിഗ്ഗും പ്രതിമയില്‍ കാണാം.

യേശുവിനെ കുരിശില്‍ തറയ്ക്കാന്‍ ഉപയോഗിച്ച ആണികളുടെയും മുള്‍കിരീടത്തിന്റെയും പ്രത്യേക പ്രതീകങ്ങളും തിരുസ്വരൂപത്തിനരികില്‍ ഉണ്ടാകും. ഇവിടെ വിശ്വാസികള്‍ ആദരവ് അര്‍പ്പിക്കും. പിന്നീട് പള്ളിയുടെ വാതിലുകള്‍ അടച്ച് പുരോഹിതന്‍ സമാപന പ്രാര്‍ഥന ചൊല്ലുന്നു.

തുടര്‍ന്ന് ശവമഞ്ചം പൊതിഞ്ഞ തിരുവസ്ത്രം നീക്കം ചെയ്ത് വിശ്വാസികളെ കാണിക്കും. തിരഞ്ഞെടുത്ത അംഗങ്ങള്‍ ചേര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ശില്‍പം കഴുകി ലിനന്‍ തുണിയില്‍ പൊതിഞ്ഞ് തിരികെ വയ്ക്കുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.