സമാധാന കരാറിന്റെ ഭാഗം: ക്രിമിയയുടെ റഷ്യന്‍ നിയന്ത്രണം അംഗീകരിക്കുമെന്ന് അമേരിക്ക; എതിര്‍പ്പുമായി സെലന്‍സ്‌കി

സമാധാന കരാറിന്റെ ഭാഗം: ക്രിമിയയുടെ റഷ്യന്‍ നിയന്ത്രണം അംഗീകരിക്കുമെന്ന് അമേരിക്ക; എതിര്‍പ്പുമായി സെലന്‍സ്‌കി

വാഷിങ്ടണ്‍: റഷ്യ-ഉക്രെയ്ന്‍ സമാധാന കരാറിന്റെ ഭാഗമായി ക്രിമിയയുടെ മേലുള്ള റഷ്യയുടെ നിയന്ത്രണം അംഗീകരിക്കാന്‍ തയ്യാറാണെന്ന് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഉറപ്പാക്കാനാണ് ഇത്തരത്തിലൊരു നീക്കമെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിമിയയെ പിടിച്ചെടുത്ത നീക്കത്തെ ഇതുവരെ അമേരിക്കയും യൂറോപ്പും അംഗീകരിച്ചിട്ടില്ല. ഈ സമീപനത്തില്‍ വരുന്ന മാറ്റം റഷ്യയ്ക്കാണ് ആത്യന്തികമായി നേട്ടം ഉണ്ടാക്കുന്നത്. റഷ്യ-ഉക്രെയ്ന്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം റഷ്യയും യു.എസും തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നു. സമാധാന കരാറിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ സംഘവും ഉക്രെയ്ന്‍ സംഘവും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് ക്രിമിയയുടെ കാര്യത്തില്‍ റഷ്യ നിബന്ധന മുന്നോട്ടുവെച്ചതെന്നാണ് സൂചന.

2014 ല്‍ റഷ്യ ക്രിമിയ(ഉക്രെയ്‌ന്റെ ഭാഗമായിരുന്ന ഉപദ്വീപ്)യില്‍ ആക്രമണം നടത്തുകയും ഉപദ്വീപിലെ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ സെവാസ്റ്റോപോളിലെയും സിംഫെറോപോളിലെയും വിമാനത്താവളങ്ങള്‍ ഉപരോധിക്കുകയും ക്രിമിയന്‍ പാര്‍ലമെന്റ് പിടിച്ചെടുക്കുകയും ചെയ്തു. ഉപദ്വീപില്‍ സ്ഥിതി ചെയ്തിരുന്ന ഉക്രെയ്ന്‍ സൈനിക താവളങ്ങളും റഷ്യ തടഞ്ഞുവെച്ചു. അന്ന് റഷ്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ഉക്രെയ്ന്‍ സൈനികര്‍ക്ക് ഉത്തരവ് ലഭിച്ചിരുന്നില്ല.

2014 മാര്‍ച്ചില്‍ റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രിമിയന്‍ പാര്‍ലമെന്റ് റഷ്യയില്‍ ചേര്‍ക്കുന്നതിനായി ഒരു ജനഹിത പരിശോധന നടത്താന്‍ തീരുമാനമായി. അന്താരാഷ്ട്ര നിരീക്ഷകരുടെ അഭാവത്തിലും പോളിങ് സ്ഥലങ്ങളില്‍ സായുധരായ റഷ്യന്‍ സൈനികരുടെ സാന്നിധ്യത്തിലുമായിരുന്നു വോട്ടെടുപ്പ് നടത്തിയത്. അന്ന് നടന്നത് വ്യാജ വോട്ടെടുപ്പാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 2014 മാര്‍ച്ച് 16 ന് വോട്ടെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിക്കുകയും 97 ശതമാനം വോട്ടര്‍മാരും കൂട്ടിച്ചേര്‍ക്കലിനെ അനുകൂലിച്ചുവെന്ന് റഷ്യന്‍ സര്‍ക്കാര്‍ അവകാശപ്പെടുകയും ചെയ്തു.

വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ക്രിമിയയുടെ മേലുള്ള റഷ്യയുടെ നിയന്ത്രണം അംഗീകരിക്കുന്നത് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഒരു പ്രധാന വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ക്രിമിയയ്ക്ക് മേലുളള അവകാശവാദത്തിന് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിക്കുന്നതിന് ദീര്‍ഘകാലമായി പുടിന്‍ ശ്രമിച്ചുകൊണ്ടിരിക്കവെയാണ് അമേരിക്കയുടെ പ്രഖ്യാപനം. എന്നാല്‍ ഇതിന് പിന്നാലെ റഷ്യയ്ക്ക് ഭൂമി വിട്ടുകൊടുക്കാനുള്ള ഏതൊരു നിര്‍ദേശത്തെയും താന്‍ എതിര്‍ക്കുന്നുവെന്ന് ഉക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

ഉക്രെയ്‌നിന്റെ ഭാഗമായിരുന്ന ക്രിമിയ ഉള്‍പ്പെടെയുള്ള ഒരു പ്രദേശവും റഷ്യക്ക് വിട്ടു നല്‍കാനാവില്ലെന്നാണ് സെലന്‍സ്‌കിയുടെ നിലപാട്. തങ്ങള്‍ ഒരിക്കലും ഉക്രെയ്ന്‍ ഭൂമിയെ റഷ്യന്‍ ഭൂമിയായി കണക്കാക്കില്ല. വെടിനിര്‍ത്തല്‍ വരെ തങ്ങളുടെ പ്രദേശത്തെക്കുറിച്ച് ഒരു ചര്‍ച്ചയും ഉണ്ടാകില്ലെന്നും സെലന്‍സ്‌കി വ്യക്തമാക്കി.

അതേസമയം ചര്‍ച്ചകള്‍ ഉടന്‍ പുരോഗമിക്കുന്നില്ലെങ്കില്‍ അമേരിക്ക സമാധാന ശ്രമങ്ങള്‍ ഉപേക്ഷിച്ചേക്കുമെന്ന് ട്രംപും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും അറിയിച്ചിട്ടുണ്ട്. ഇന്നലെ ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. വെടിനിര്‍ത്തല്‍ എന്ന് നിര്‍ത്താന്‍ കഴിയുമെന്ന് കൃത്യമായി പറയാന്‍ കഴിയില്ല. പ്രത്യേക ദിവസത്തിനുള്ളില്‍ അത് സംഭവിക്കുമെന്നും താന്‍ പ്രതീക്ഷിക്കുന്നില്ല. പക്ഷേ അത് കഴിയുന്നതിലും വേഗത്തില്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹം. വ്യക്തമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ ചര്‍ച്ചകള്‍ ഉപേക്ഷിക്കാനാണ് തീരുമാനമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ആഴ്ചകളോ മാസങ്ങളോ എടുത്ത് തുടര്‍ച്ചയായി റഷ്യ-ഉക്രെയ്ന്‍ സമാധാന കരാറില്‍ തീര്‍പ്പുണ്ടാക്കാന്‍ തങ്ങള്‍ ശ്രമം നടത്തില്ലായെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ മാധ്യമങ്ങളോട് പറഞ്ഞത്. റഷ്യ-ഉക്രെയ്ന്‍ കൂടാതെ വേറെ പല മുന്‍ഗണന നല്‍കേണ്ട കാര്യങ്ങളും അമേരിക്കയ്ക്ക് ഉണ്ടെന്ന് മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.