വത്തിക്കാൻ സിറ്റി: കരുണയുടെ കാവലാളായ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിന്റെ വേദനയിലാണ് വിശ്വാസ ലോകം. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശന ചടങ്ങ് പുരോഗമിക്കുന്നതിനിടെ മാർപാപ്പയെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തിയ കന്യാസ്ത്രീയുടെ വീഡിയോ ലോകത്തെ നൊമ്പരപ്പെടുത്തുകയാണ്. ഫ്രഞ്ച് - അർജന്റീനിയൻ കന്യാസ്ത്രീയായ 81കാരി സിസ്റ്റർ ജെനീവീവ് ജീനിംഗ്രോസാണ് പ്രിയ സുഹൃത്തായ മാർപാപ്പയെ ഒരു നോക്ക് കാണാൻ എത്തിയത്.
ഇരുവരും തമ്മിൽ ഏകദേശം നാല് വർഷത്തിലേറെ പരിചയം ഉണ്ടായിരുന്നു. പാപ്പയുടെ ഭൗതിക ശരീരം കണ്ട് സിസ്റ്റർ പൊട്ടിക്കരഞ്ഞു. കർദിനാൾമാർക്കും ബിഷപ്പുമാർക്കും, പുരോഹിതന്മാർക്കും മാത്രമായി നീക്കിവെച്ചിരുന്ന സ്ഥാനത്ത് കൂടിയാണ് പ്രോട്ടോക്കോൾ ലംഘിച്ച് പ്രാർത്ഥനാപൂർവം സിസ്റ്റർ ഓടിയെത്തിയത്. അപൂർവ നിമിഷത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. നീല ശിരോവസ്ത്രം ധരിച്ചെത്തിയ സിസ്റ്റർ കുറച്ച് നേരം പ്രാർത്ഥിച്ച് കൊണ്ട് പാപ്പയുടെ അടുത്ത് നിശബ്ദമായി നിൽക്കുന്നതും ഇടയ്ക്ക് കരയുന്നതും വീഡിയോയിൽ കാണാം.
റോമിന്റെ മധ്യഭാഗത്ത് നിന്ന് ഏകദേശം 20 മൈൽ അകലെയുള്ള ഒരു സർക്കസ് കാരവാനിലാണ് സിസ്റ്റർ താമസിക്കുന്നത്. 2022 മുതൽ എല്ലാ ബുധനാഴ്ചയും പാപ്പ പങ്കെടുക്കുന്ന പൊതു ചടങ്ങിൽ സിസ്റ്റർ പങ്കെടുത്തിരുന്നു. കുടിയേറ്റക്കാരെയും ട്രാൻസ്‌ജെൻഡറുകളെയും പാപ്പായെ കാണാൻ സിസ്റ്റർ കൂട്ടിക്കൊണ്ടുവന്നിരുന്നു. സിസ്റ്ററിന്റെ പുണ്യ പ്രവൃത്തി മനസിലാക്കിയ പാപ്പ ശുശ്രൂഷ ചെയ്യുന്ന സ്ഥലത്ത് പോയി കന്യാസ്ത്രീയെ നേരിട്ട് കണ്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.