ചരിത്രമായി മാറിയ പോപ്പ് ജോൺ പോൾ രണ്ടാമന്റെ സംസ്കാരം; പങ്കെടുത്തത് 200-ൽ പരം രാഷ്ട്രത്തലവന്മാർ

ചരിത്രമായി മാറിയ പോപ്പ് ജോൺ പോൾ രണ്ടാമന്റെ സംസ്കാരം; പങ്കെടുത്തത് 200-ൽ പരം രാഷ്ട്രത്തലവന്മാർ

വത്തിക്കാൻ സിറ്റി: കത്തോലിക്കാ സഭയിലെ മാർപാപ്പാമാരിൽ ഏറ്റവും കൂടുതൽ ശ്രദ്ധയും പ്രശസ്തിയും കിട്ടിയ പാപ്പായായിരുന്നു വി. ജോൺ പോൾ രണ്ടാമൻ. സഭയുടെ ചരിത്രത്തിൽ ഏറ്റവും പ്രശസ്തമായ മൃതസംസ്കാര ശുശ്രൂഷകൾ നടന്നത് ജോൺ പോൾ രണ്ടാമന്റേതായിരുന്നു.

ഏകദേശം നാല് മില്യൺ വിശ്വാസികളാണ് അദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും വത്തിക്കാനിലേക്ക് ഒഴുകിയെത്തിയത്. രണ്ട് മില്യൺ വിശ്വാസികളെങ്കിലും സെ. പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന അദേഹത്തിന്റെ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് അന്ന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 200 ൽപരം രാഷ്ട്രത്തലവന്മാരും ലോകനേതാക്കന്മാരും പങ്കെടുത്ത സംസ്കാര ചടങ്ങുകൾ മാധ്യമങ്ങൾ വളരെ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്.

വി. ജോൺപോൾ‌ രണ്ടാമൻ മാർപാപ്പയെ അവസാനമായി കാണാനായെത്തിയ ജനം

ടി വി യിലൂടെ ഏറ്റവും അധികം ആളുകൾ വീക്ഷിച്ചതും അദ്ദേഹത്തിന്റെ സംസ്കാര ശുശ്രുഷകളായിരുന്നു, ഏകദേശം 100 കോടിയിൽ പരം ജനങ്ങൾ ഓൺലൈൻ ആയി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ സംസ്കാര ചടങ്ങുകൾ വീക്ഷിച്ചു എന്നാണ് കണക്ക്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ

1920 മേയ് 18 ന് എമിലിയ- കാരോൾ വോയ്റ്റീവ എന്നീ ദമ്പതികളുടെ മകനായി പോളണ്ടിലെ വാഡോവൈസിലാണ് ജോൺ പോൾ മാർപാപ്പയുടെ ജനനം. പൗരോഹിത്യ ജീവിതത്തിനായി താൻ വിളിക്കപ്പെട്ടു എന്ന തോന്നലുണ്ടായ വിശുദ്ധൻ കാർകൊവിലെ ക്ലാൻഡെസ്റ്റിൻ ആശ്രമത്തിൽ ചേർന്ന് തന്റെ പഠനം തുടർന്നു. റോമിൽ വിദ്യാർത്ഥിയായിരിക്കെ വിശുദ്ധൻ തന്റെ അവധിക്കാലങ്ങൾ ഫ്രാൻസിലെയും ബെൽജിയത്തിലെയും ഹോളണ്ടിലെയും അഭയാർത്ഥികൾക്കിടയിൽ പ്രേഷിത പ്രവർത്തനം നടത്തിയിരുന്നു.

1978 ഒക്ടോബർ 16 ന് കർദിനാൾ കരോൾ ജോസഫ് വോയ്റ്റീവയെ 264-ാമത്തെ മാർപാപ്പയായി തിരഞ്ഞെടുത്തു. ജോൺ പോൾ രണ്ടാമൻ എന്ന പേരും സ്വീകരിച്ചു. 1981 മെയ് മൂന്നിന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വച്ചുണ്ടായ ഒരു വധ ശ്രമത്തിൽ നിന്നും പരിശുദ്ധ അമ്മയുടെ സഹായത്താലാണ് വിശുദ്ധൻ രക്ഷപ്പെട്ടത്. നീണ്ട ആശുപത്രി വാസത്തിനിടക്ക് തന്നെ വധിക്കുവാൻ ശ്രമിച്ച ആൾക്ക് മാപ്പും നൽകി.

ധീരമായ ഇത്തരം നടപടികളിലൂടെ വിശുദ്ധൻ തനിക്ക് ലഭിച്ചിട്ടുള്ള അജപാലന വരദാനങ്ങളെ കൂടുതൽ അനുഗ്രഹദായകമാക്കി. ലോക യുവജന ദിനം തുടങ്ങിയത് മൂലം ധാരാളം യുവാക്കളെയും യുവതികളെയും സഭയിലേക്ക് ആകർഷിക്കുവാൻ വിശുദ്ധന് കഴിഞ്ഞു. 2005 ഏപ്രിൽ രണ്ടിന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ ഔദ്യോഗിക വസതിയിൽ വച്ച് ഈ ലോകത്തോട് വിട പറഞ്ഞു. 2014 ഏപ്രിൽ 27ന് ഫ്രാൻസിസ് മാർപാപ്പ ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.