കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും: അട്ടാരി-വാഗാ അതിര്‍ത്തി വഴി രാജ്യംവിട്ടത് 509 പാകിസ്ഥാനികള്‍

കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും: അട്ടാരി-വാഗാ അതിര്‍ത്തി വഴി രാജ്യംവിട്ടത് 509 പാകിസ്ഥാനികള്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം എല്ലാ പാകിസ്ഥാനികളും 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു. നിര്‍ദേശത്തിന് ശേഷം മൂന്ന് ദിവസത്തിനിടെ അട്ടാരി-വാഗാ അതിര്‍ത്തി വഴി 509 പാകിസ്ഥാനികളാണ് രാജ്യം വിട്ടത്. ഹ്രസ്വകാല വിസയിലെത്തിയ പാകിസ്ഥാനികള്‍ക്ക് രാജ്യംവിടാനുള്ള സമയപരിധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വന്നത്.

മൂന്ന് ദിവസത്തിനിടെ 745 ഇന്ത്യക്കാരും പാകിസ്ഥാനില്‍ നിന്ന് മടങ്ങിയെത്തി. 14 നയതന്ത്ര ഉദ്യോഗസ്ഥരടക്കമുള്ള ഇന്ത്യക്കാരാണ് അട്ടാരി-വാഗാ അതിര്‍ത്തി വഴി തിരിച്ചെത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക് പൗരന്മാര്‍ രാജ്യം വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. സാര്‍ക് വിസയുള്ളവര്‍ ഏപ്രില്‍ 26 നകം രാജ്യം വിടണമെന്നായിരുന്നു നിര്‍ദേശം.

ബിസിനസുകാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരികള്‍, തീര്‍ഥാടകര്‍ തുടങ്ങി ഹ്രസ്വകാല വിസയിലെത്തിയവര്‍ക്ക് ഏപ്രില്‍ 27 ഞായറാഴ്ചയാണ് സമയപരിധി. മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയ പാകിസ്ഥാന്‍ പൗരന്മാര്‍ ഏപ്രില്‍ 29 നകം ഇന്ത്യ വിടണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം ദീര്‍ഘകാല വിസയുള്ളവര്‍ക്കും നയതന്ത്ര വിസയുള്ളവര്‍ക്കും രാജ്യംവിടാനുള്ള ഉത്തരവ് ബാധകമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
ഏപ്രില്‍ 27 ന് ശേഷവും ഹ്രസ്വകാല വിസയുള്ള പാകിസ്ഥാനികള്‍ ഇന്ത്യയില്‍ തങ്ങിയാല്‍ ഇവരെ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിച്ചേക്കാം.

കൂടാതെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങള്‍ വഴിയും ഒട്ടേറെ പാകിസ്ഥാനികള്‍ രാജ്യം വിട്ടിരിക്കാമെന്നാണ് അധികൃതര്‍ പറയുന്നു. പാകിസ്ഥാനിലേക്ക് ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ മറ്റ് രാജ്യങ്ങളിലേക്കാവും ഇവര്‍ ഇന്ത്യയില്‍ നിന്ന് മടങ്ങിയിട്ടുണ്ടാവുകയെന്നും അധികൃതര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.