വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും സിപിഎം ഭയപ്പെടുന്നുവെന്ന് ചാണ്ടി ഉമ്മന്‍

വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി  ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും; ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും സിപിഎം ഭയപ്പെടുന്നുവെന്ന് ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിനായി പ്രധാനമന്ത്രി ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെത്തി.

രാത്രി രാജ്ഭവനില്‍ താമസിച്ച മോഡി ഇന്ന് രാവിലെ 10.30ന് ഹെലികോപ്ടറില്‍ വിഴിഞ്ഞത്തെത്തും. എം.എസ്.സി സെലസ്റ്റിനോ മരസ്‌കാ എന്ന മദര്‍ ഷിപ്പിനെ സ്വീകരിച്ച ശേഷം തുറമുഖത്തിന്റെ പ്രവര്‍ത്തന സൗകര്യങ്ങള്‍ നോക്കി കാണും. തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും. ഒന്നര മണിക്കൂറാണ് കമ്മീഷനിങ് ചടങ്ങ്. ഉച്ചയോടെ പ്രധാനമന്ത്രി മടങ്ങും.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഴുതറ്റ സുരക്ഷയാണ് തലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗരത്തിലും അനുബന്ധ റോഡുകളിലും കര്‍ശന ഗതാഗത നിയന്ത്രണമുണ്ട്.

അതേസമയം വിഴിഞ്ഞം തുറമുഖത്തിന്റെ പിതൃത്വം സംബന്ധിച്ച് കേരളത്തില്‍ ഇടത്, വലത് മുന്നണികള്‍ തമ്മില്‍ അവകാശ തര്‍ക്കം മുറുകുന്നതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട പല നിര്‍ണായക അനുമതികളും വാങ്ങിയെടുത്തത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും അദേഹം ഒരു കല്ല് മാത്രമേ ഇട്ടുള്ളൂവെന്ന് സിപിഎം പറയുന്നത് പച്ചക്കള്ളമാണെന്നും വ്യക്തമാക്കി മകന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്ത് വന്നു.

ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകളെ പോലും സിപിഎം ഭയപ്പെടുന്നു. അതിനാലാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കമ്മിഷനിങ് ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കേ 2015 ല്‍ ആണ് അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാര്‍ ഒപ്പുവച്ച് നിര്‍മാണം ആരംഭിക്കുന്നത്. 2023 ല്‍ ആദ്യ ഘട്ടം പൂര്‍ത്തിയായി. 2024 ജൂലൈയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. ഡിസംബര്‍ മൂന്നിന് കമ്മീഷനിങ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. 2028 ഓടെ തുടര്‍ന്നുള്ള ഘട്ടങ്ങള്‍ പൂര്‍ത്തിയാകും. 2034 മുതല്‍ സംസ്ഥാന സര്‍ക്കാരിന് വരുമാനം ലഭിച്ചു തുടങ്ങും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.