ഏഴിരട്ടി മടങ്ങില്‍ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ സൈന്യം.
ടെല്‍ അവീവ്: ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികളുടെ മിസൈല്‍ ആക്രമണം. ആറ് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരെ മധ്യ ഇസ്രായേലിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുത്തു. ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സാരി ടെലിഗ്രാമിലെ പ്രസ്താവനയില്‍ പറഞ്ഞു.
ആക്രമണം സ്ഥിരീകരിച്ച ഇസ്രയേല്‍ സൈന്യം (ഐഡിഎഫ്) ഏഴിരട്ടി മടങ്ങില്‍ തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതിരോധ മന്ത്രിയുമായും ഉന്നത സൈനിക മേധാവികളുമായും ടെലിഫോണില്‍ ചര്‍ച്ച നടത്തി.

തുടര്‍ന്ന് നെതന്യാഹുവിന്റെ അധ്യക്ഷതയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട മന്ത്രിസഭാ സമിതി യോഗവും ചേരും. ഗാസ വിഷയത്തിലാണ് യോഗം വിളിച്ചിരുന്നതെങ്കിലും ഹൂതി ആക്രമണമുണ്ടായ സാഹചര്യത്തില്‍ അത് പ്രധാന അജണ്ടയാകും.
ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തിലേക്കുള്ള പ്രവേശന റോഡിനോട് ചേര്‍ന്നുള്ള പൂന്തോട്ടത്തിലാണ് മിസൈല്‍ പതിച്ചതെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് വിമാനത്താവളത്തിന്റെ പാര്‍ക്കിങിനോട് ചേര്‍ന്നുള്ള ഭാഗമാണ്. യെമനില്‍ നിന്നുള്ള നിരവധി മിസൈലുകള്‍ ഇതിനോടകം തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു.
ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു. അതേസമയം മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജര്‍മന്‍, സ്പാനിഷ് വിമാന കമ്പനികള്‍ ടെല്‍ അവീവിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്.
ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അബുദാബിയിലേക്ക് വഴി തിരിച്ച് വിട്ടിട്ടുണ്ട്. മെയ് അഞ്ച്, ആറ് തിയതികളില്‍ ടെല്‍ അവീവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റദ്ദാക്കിയതായും വിവരമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.