നിരപരാധികളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ മറുപടിയാണ് പാകിസ്ഥാന് നല്‍കിയത്. ഇന്ത്യ-പാക് വിഭജനത്തിന് ശേഷം സ്വന്തം മണ്ണില്‍ ഭീകര സംഘടനകളെ വളര്‍ത്തി ഇന്ത്യയ്‌ക്കെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത് പാകിസ്ഥാന്‍ സൈന്യത്തിന്റെയും മാറിമാറി വരുന്ന ഭരണകൂടങ്ങളുടെയും സ്ഥിരം പതിവാണ്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിനും യുദ്ധങ്ങള്‍ക്കും സ്വാതന്ത്ര്യ കാലം മുതലുള്ള ചരിത്രമുണ്ട്. ഇതുവരെ നാല് യുദ്ധങ്ങളാണ് ഇരു രാജ്യങ്ങളും തമ്മില്‍ നടന്നിട്ടുള്ളത്.
വിദേശ ആധിപത്യത്തില്‍ നിന്ന് വിമോചനം നേടിയ ശേഷം രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ട ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഇടയില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍, പ്രത്യേകിച്ച് കാശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാകിസ്ഥാന്‍ സ്വീകരിച്ചു വന്ന സമീപനം പലപ്പോഴും യുദ്ധത്തിനും യുദ്ധസമാന സാഹചര്യങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ട്.
ഇന്ത്യ-പാകിസ്ഥാന്‍ എന്നീ രണ്ട് രാഷ്ട്രങ്ങളുടെ രൂപീകരണത്തിന് ശേഷം 1947-48 ല്‍ തന്നെ കാശ്മീരുമായി ബന്ധപ്പെട്ട വിഷയത്തിലുണ്ടായ തര്‍ക്കം യുദ്ധത്തിലെത്തി. തുടര്‍ന്ന് 1949 ലെ കറാച്ചി കരാറിനെ തുടര്‍ന്ന് 830 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തി രേഖ നിശ്ചയിക്കപ്പെട്ടു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലിലൂടെയാണ് കരാര്‍ നടപ്പായത്.
എന്നാല്‍ 1965 ല്‍ വീണ്ടും ഇന്ത്യ-പാക് യുദ്ധത്തിന് വഴിയൊരുങ്ങി. ഓപ്പറേഷന്‍ ജിബ്രള്‍ട്ടര്‍ എന്ന് പേരിട്ട് പാകിസ്ഥാന്‍ ആരംഭിച്ച ആക്രമമാണ് 17 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ഇടയാക്കിയത്. 1965 ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായിരുന്നു യുദ്ധം. പാകിസ്ഥാന്‍ ജമ്മു കാശ്മീരിലേക്ക് നുഴഞ്ഞു കയറ്റം നടത്തിക്കൊണ്ടായിരുന്നു യുദ്ധത്തിന് തുടക്കമിട്ടത്. ഇരുഭാഗത്തം ഒട്ടേറെ ജീവന്‍ നഷ്ടമായി.
അന്നത്തെ ശീതയുദ്ധ കാലത്ത് പരസ്പരം പോരടിച്ചിരുന്ന സോവിയറ്റ് യൂണിയന്‍, അമേരിക്ക എന്നീ രാജ്യങ്ങള്‍ മുന്‍കൈയ്യെടുത്ത് യു.എന്‍ ഇടപ്പെട്ടായിരുന്നു 1965 ലെ യുദ്ധ വിരാമ കരാര്‍ നടപ്പാക്കിയത്. താഷ്‌ക്കന്റ് കരാര്‍ പ്രകാരം യുദ്ധം അവസാനിപ്പിച്ചെങ്കിലും സംഘര്‍ഷത്തിന് കാര്യമായ അയവുണ്ടായില്ല.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൂന്നാമത്തെ യുദ്ധമുണ്ടായി. ഇന്ന് ബംഗ്ലാദേശ് എന്നറിയപ്പെടുന്ന കിഴക്കന്‍ പാകിസ്ഥാന്‍ വിമോചനവുമായി ബന്ധപ്പെട്ടായിരുന്നു ആ യുദ്ധം.
1971 ഡിസംബര്‍ മൂന്നിന് ബംഗ്ലാദേശ് വിമോചനവുമായി ബന്ധപ്പെട്ട് നടന്ന ആഭ്യന്തര പ്രശ്‌നങ്ങളുടെ സാഹചര്യത്തില്‍ പാകിസ്ഥാന്‍, ഓപ്പറേഷന്‍ ചെങ്കിസ്ഖാന്‍ എന്ന് പേരിട്ട് ഇന്ത്യയുടെ വ്യോമ മേഖലയില്‍ ആക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. 13 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ പാകിസ്ഥാന് കനത്ത പരാജയം ഏറ്റുവാങ്ങി യുദ്ധം അവസാനിപ്പിക്കേണ്ടി വന്നു. അവസാനം പാക് സൈന്യം കീഴടങ്ങി
ബംഗ്ലാദേശ് യുദ്ധം എന്നറിയപ്പെടുന്ന മൂന്നാമത്തെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിന് തൊട്ടടുത്ത വര്‍ഷം 1972 ജൂലൈ രണ്ടിന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സിംല കരാറില്‍ ഒപ്പുവച്ചു. സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിനും വിഷയങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നതിനും ലൈന്‍ ഓഫ് കണ്‍ട്രോള്‍ (നിയന്ത്രണ രേഖ) അംഗീകരിക്കുന്നതിനും ഈ കരാര്‍ വഴിയൊരുക്കി.
എന്നാല്‍ സിലം കരാര്‍ പ്രകാരമുള്ള നിയന്ത്രണ രേഖ മുറിച്ച് പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യയിലേക്ക് കടന്നത് 1999 ല്‍ നടന്ന നാലാം യുദ്ധത്തിന് കാരണമായി. കാശ്മീരിലെ കാര്‍ഗില്‍ പ്രദേശം കേന്ദ്രീകരിച്ച് നടന്ന യുദ്ധമായതിനാല്‍ ഇതിനെ കാര്‍ഗില്‍ യുദ്ധം എന്നാണ് അറിയപ്പെടുന്നത്. 1999 മെയ് മുതല്‍ ജൂലൈ വരെ നീണ്ടു നിന്ന ഈ യുദ്ധത്തില്‍ സൈനികരടക്കം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി.
കാര്‍ഗില്‍ യുദ്ധത്തിന് ശേഷം വീണ്ടും അതിശക്തമായ ആക്രമണവും തിരിച്ചടിയുമുണ്ടാകുന്നത് 2016 ലാണ്. 2016 സെപ്തബറില്‍ ജമ്മു കാശ്മീരിലെ ഉറിയില്‍ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടന്നു. ഈ ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു.
ഇതിന് തിരിച്ചടിയായി പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി. ഉറി ആക്രമണത്തിന് മൂന്ന് വര്‍ഷത്തിന് ശേഷം പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണം വീണ്ടും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം സങ്കീര്‍ണമാക്കി.
2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ നടന്ന ആക്രമണത്തില്‍ 44 സിആര്‍പിഎഫ് സൈനികരുടെ ജീവന്‍ നഷ്ടമായി. ഇതിന് തിരിച്ചടിയായി ബാലാകോട്ടിലെ ജെയ്‌ഷെ മുഹമ്മദിന്റെ താവളങ്ങളിലേക്ക് ഇന്ത്യ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തില്‍ നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.