ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു; പാകിസ്ഥാന് 100 കോടി ഡോളര്‍ വായ്പ അനുവദിച്ച് ഐഎംഎഫ്

 ഇന്ത്യയുടെ എതിര്‍പ്പ് അവഗണിച്ചു; പാകിസ്ഥാന് 100 കോടി ഡോളര്‍ വായ്പ അനുവദിച്ച് ഐഎംഎഫ്

ന്യൂഡല്‍ഹി: പാകിസ്ഥാന് 100 കോടി ഡോളര്‍ വായ്പ നല്‍കുന്നതിന് അന്താരാഷ്ട്ര നാണ്യനിധി അംഗീകാരം നല്‍കി. പാകിസ്ഥാന് വായ്പ നല്‍കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നതിനിടെയാണ് വായ്പ സഹായം അനുവദിച്ചത്. ഇക്കാര്യം കേന്ദ്ര ധനകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര നാണ്യനിധിയില്‍ പാകിസ്ഥാന് വായ്പാ സൗകര്യം നല്‍കുന്നതിനുള്ള വോട്ടിങില്‍ നിന്ന് ഇന്ത്യ കഴിഞ്ഞ ദിവസം വിട്ടുനിന്നിരുന്നു. പാകിസ്ഥാന്റെ മോശം ട്രാക്ക് റെക്കോര്‍ഡിന്റെ വെളിച്ചത്തില്‍ വായ്പയുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക ഉയര്‍ത്തിയായിരുന്നു ഇന്ത്യന്‍ നടപടി. കൂടാതെ പാക് സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയ്ക്ക് ഈ വായ്പ പാകിസ്ഥാന്‍ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും ഇന്ത്യ പ്രകടിപ്പിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാന് 100 കോടി ഡോളര്‍ വായ്പയായി അനുവദിക്കുന്നത് അന്താരാഷ്ട്ര നാണ്യനിധി അവലോകനം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചത്. ഇതിന് പുറമേ പാകിസ്ഥാന് 130 കോടി ഡോളര്‍ കൂടി അനുവദിക്കുന്നത് ഐഎംഎഫിന്റെ പരിഗണനയിലാണ്. പാകിസ്ഥാന് വീണ്ടുമൊരു ധനസഹായം നല്‍കാനുള്ള നീക്കത്തെ എതിര്‍ത്ത ഇന്ത്യ, പാകിസ്ഥാന്‍ ഐഎംഎഫില്‍ നിന്ന് ദീര്‍ഘകാലമായി കടം വാങ്ങുന്ന രാജ്യമാണെന്നും വായ്പ വ്യവസ്ഥകള്‍ പാലിക്കുന്നതിലും നടപ്പിലാക്കുന്നതിലും വളരെ മോശം ട്രാക്ക് റെക്കോര്‍ഡ് ആണ് ഉള്ളതെന്നും വാദിച്ചു. പാകിസ്ഥാന്റെ കാര്യത്തില്‍ ഐഎംഎഫ് വായ്പയുടെ ഫലപ്രാപ്തിയെ ഈ മോശം ട്രാക്ക് റെക്കോര്‍ഡ് ചോദ്യം ചെയ്യുന്നുവെന്നും ഇന്ത്യ വാദിച്ചിരുന്നു.

സാമ്പത്തിക കാര്യങ്ങളില്‍ പാകിസ്ഥാന്‍ സൈന്യം നടത്തുന്ന ഇടപെടലുകള്‍ ഇന്ത്യ ഉയര്‍ത്തിക്കാട്ടി. ഒരു സിവിലിയന്‍ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴും ആഭ്യന്തര രാഷ്ട്രീയത്തില്‍ സൈന്യം സ്വാധീനം ചെലുത്തുന്നത് തുടരുകയാണ്. സമ്പദ്‌വ്യവസ്ഥയിലേക്കും പാക് സൈന്യത്തിന്റെ കരങ്ങള്‍ വ്യാപിക്കുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ തുടര്‍ച്ചയായ സ്പോണ്‍സര്‍ഷിപ്പിന് വായ്പ നല്‍കുന്നത് ആഗോള സമൂഹത്തിന് അപകടകരമായ സന്ദേശം നല്‍കുന്നു.
ഫണ്ടിങ് ഏജന്‍സികളുടെയും വായ്പ ദാതാക്കളുടെയും പ്രശസ്തിക്ക് ഇത് ഭീഷണിയാവുകയാണ്. ഭീകരതയെ പിന്തുണയ്ക്കുന്നതിനായി പാകിസ്ഥാന്‍ ഫണ്ട് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കയ്ക്ക് ഐഎംഎഫിന്റെ പ്രതികരണത്തിലും ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.