കാര്‍ണിയുടെ നയതന്ത്ര പരീക്ഷണം; ഇന്ത്യന്‍ വംശജ അനിത ആനന്ദ് കനേഡിയന്‍ വിദേശകാര്യ മന്ത്രി

കാര്‍ണിയുടെ നയതന്ത്ര പരീക്ഷണം; ഇന്ത്യന്‍ വംശജ അനിത ആനന്ദ് കനേഡിയന്‍ വിദേശകാര്യ മന്ത്രി

ഒട്ടാവ: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മോശമായ സാഹചര്യത്തില്‍ ഇന്ത്യന്‍ വംശജയെ തന്നെ വിദേശകാര്യ മന്ത്രിയായി നിയമിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. ഇന്ത്യന്‍ വംശജ അനിത ആനന്ദാണ് (57) കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി.

കഴിഞ്ഞ മാസം നടന്ന ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലെ ലിബറല്‍ പാര്‍ട്ടി വീണ്ടും അധികാരം നേടിയിരുന്നു. പിന്നാലെയാണ് ക്യാബിനറ്റില്‍ കാര്‍ണി അഴിച്ചു പണികള്‍ നടത്തിയത്. ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതോടെ മാര്‍ച്ച് മുതല്‍ പ്രധാനമന്ത്രി പദം വഹിക്കുകയായിരുന്നു കാര്‍ണി.

കാര്‍ണിയുടെ ആദ്യ ക്യാബിനറ്റില്‍ രജിസ്ട്രാര്‍ ജനറല്‍ പദവിയ്‌ക്കൊപ്പം ശാസ്ത്ര, വ്യവസായ വകുപ്പുകളുടെ ചുമതലയും അനിതയ്ക്കായിരുന്നു. ട്രൂഡോ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന മെലാനി ജോളിയാണ് ശാസ്ത്ര, വ്യവസായ വകുപ്പുകളുടെ പുതിയ ചുമതലക്കാരി.

കാനഡയിലേക്ക് കുടിയേറിയ ഇന്ത്യന്‍ ഡോക്ടര്‍മാരാണ് അനിത ആനന്ദിന്റെ മാതാപിതാക്കള്‍. പിതാവ് തമിഴ്‌നാട് സ്വദേശിയും മാതാവ് പഞ്ചാബിയുമാണ്. കാനഡയിലെ നോവ സ്‌കോട്ടിയയിലാണ് ജനനം. ഗീത (അഭിഭാഷക), സോണിയ (ഡോക്ടര്‍, ഗവേഷക) എന്നിവര്‍ സഹോദരിമാരാണ്.

അഭിഭാഷകനും ബിസിനസുകാരനുമായ ജോണ്‍ നോള്‍ട്ടനാണ് ഭര്‍ത്താവ്. നാല് മക്കളുണ്ട്. ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരില്‍ ഗതാഗതം, ആഭ്യന്തര വ്യാപാരം, പ്രതിരോധം, പൊതുസേവനം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു.

യൂണിവേഴ്‌സിറ്റി ഒഫ് ടൊറന്റോ ഫാക്കല്‍റ്റി ഓഫ് ലോയിലെ മുന്‍ പ്രഫസറും അഭിഭാഷകയുമായ അനിത 2019 മുതല്‍ ഒന്റേറിയോയിലെ ഓക്ക്വില്ലില്‍ നിന്നുള്ള എംപിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.