ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ പ്രതിയായ മാസപ്പടി കേസില്‍ കുറ്റപത്രം നല്‍കില്ലെന്ന് എസ്എഫ്‌ഐഒ വാക്കാല്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.
എന്തുകൊണ്ട് ആ ഉറപ്പ് പാലിച്ചില്ലെന്ന് എസ്എഫ്‌ഐഒ അഭിഭാഷകനോട് ജഡ്ജി സുബ്രഹ്‌മണ്യന്‍ പ്രസാദ് ചോദിച്ചു. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു.
മാസപ്പടി കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് എസ്എഫ്‌ഐഒ കുറ്റപത്രത്തിലുള്ളത്.
സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാടിന്റെ മുഖ്യ ആസൂത്രകയാണ് വീണയെന്ന് എസ്എഫ്‌ഐഒ പറയുന്നു. എക്സാലോജിക് കമ്പനി തുടങ്ങിയതിന് ശേഷം വളര്‍ച്ച താഴോട്ടേക്കായിരുന്നുവെന്നും കുറ്റപത്രം വിശദീകരിക്കുന്നു.
പ്രതിവര്‍ഷം 66 ലക്ഷം രൂപയുടെ ബാധ്യതയാണ് വീണയുടെ എക്സാലോജിക് കമ്പനിക്ക് ഉണ്ടായിരുന്നത്. സിഎംആര്‍എല്ലുമായി ഇടപാട് തുടങ്ങിയതായിരുന്നു പിന്നീട് കമ്പനിയുടെ മുഖ്യ വരുമാനം.
2017 മുതല്‍ 2019 വരെ കാലയളവില്‍ സിഎംആര്‍എല്ലുമായി ഇടപാടുകള്‍ നടത്തി. പ്രതിമാസം അഞ്ച് ലക്ഷം രൂപ സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ പേരിലെത്തി. കമ്പനിയുടെ പേരിലും മൂന്ന് ലക്ഷം രൂപ പ്രതിമാസമെത്തിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ അന്തിമ തീര്‍പ്പ് ഉണ്ടാകുന്നത് വരെ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് വിചാരണ കോടതിയില്‍ ഫയല്‍ ചെയ്യില്ല എന്ന് 2024 സെപ്റ്റംബര്‍ മാസം രണ്ടിന് എസ്എഫ്ഐഒയുടെ അഭിഭാഷകര്‍ ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ചിന് വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു എന്നായിരുന്നു സിഎംആര്‍എല്ലിന്റെ വാദം.
എന്നാല്‍ ഇത്തരം ഒരു ഉറപ്പ് നല്‍കിയ കാര്യം തങ്ങള്‍ക്ക് അറിയില്ലെന്ന് എസ്എഫ്ഐഒയ്ക്ക് വേണ്ടി ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ഗിരീഷ് കത്പാലിയയുടെ ബെഞ്ചിന് മുമ്പാകെ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജുവും അഭിഭാഷകരും പറഞ്ഞിരുന്നു.
തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തത്. അന്വേഷണം തുടരുമെങ്കിലും അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യില്ലെന്ന് എസ്എഫ്ഐഒ ഉറപ്പ് നല്‍കിയിരുന്നുവെന്ന് ജസ്റ്റിസ് സുബ്രമണ്യ പ്രസാദ് ഇന്ന് വ്യക്തമാക്കി.
ഉറപ്പുകള്‍ രേഖാമൂലം ആയിരിക്കണം എന്നാണ് സുപ്രീം കോടതി പറഞ്ഞിട്ടുള്ളത്. എന്നാല്‍ ചിലപ്പോള്‍ മുതിര്‍ന്ന അഭിഭാഷകര്‍ നല്‍കുന്ന ഉറപ്പുകള്‍ കോടതികള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ടെന്ന് ജസ്റ്റിസ് പ്രസാദ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.