ആഴക്കടൽ മത്സ്യബന്ധനം: വിദേശ നിക്ഷേപത്തിന് വഴിയൊരുക്കി കേന്ദ്രം

ആഴക്കടൽ മത്സ്യബന്ധനം: വിദേശ നിക്ഷേപത്തിന്  വഴിയൊരുക്കി കേന്ദ്രം

കൊച്ചി: ആഴക്കടൽ മത്സ്യബന്ധന പദ്ധതിയിൽനിന്നു സംസ്ഥാന സർക്കാർ പിൻവാങ്ങി. എന്നാൽ സമുദ്ര സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട മേഖലകളിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ബ്ലൂ ഇക്കോണമി കരട് നയരേഖ പുറത്തുവന്നതോടെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാക്കുകയാണ്.

സമുദ്ര ജലത്തിലും അടിത്തട്ടിലും തീരസമുദ്രത്തിലും തീരമേഖലയിലുമുള്ള സമ്പത്തിനെ സംബന്ധിച്ചുള്ളതാണു ബ്ലൂ ഇക്കോണമി. മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും, മറൈൻ നിർമാണം, ഷിപ്പിങ്, തുറമുഖങ്ങൾ, ആഭ്യന്തര–രാജ്യാന്തര വ്യാപാരത്തിന്റെ ഭാഗമായ മാരിടൈം റൂട്ടുകൾ, ഓഫ് ഷോർ ഊർജസ്രോതസ്സുകൾ, സമുദ്രവുമായി ബന്ധപ്പെട്ട ടൂറിസം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി വരും. ഇന്ത്യയുടെ ജിഡിപിയുടെ നാല് ശതമാനം എന്ന് കണക്കാക്കുന്ന ബ്ലൂ ഇക്കോണമിയുടെ വൻകുതിപ്പ് ലക്ഷ്യമിടുന്ന നയരേഖയിലെ ചില വിഷയങ്ങളെ ചൊല്ലിയാണു തൊഴിലാളികളുടെ വിമർശനം. 

മത്സ്യബന്ധന മേഖലയിൽ ഇന്ത്യൻ സമുദ്രാതിർത്തിയിൽ വിദേശ കപ്പലുകൾക്കു നിലവിൽ നിയന്ത്രണമുണ്ട്. ഇതിനിടെ, ആഴക്കടൽ മത്സ്യബന്ധന– ട്രോളർ നിർമാണ പദ്ധതിക്ക് അമേരിക്കൻ കമ്പനിയുമായി ധാരണയുണ്ടാക്കിയ സംസ്ഥാന സർക്കാരിനെ പ്രശ്നത്തിലാക്കിയത്. സംസ്ഥാനം കരാർ റദ്ദാക്കിയതിനു പിന്നാലെ, വിദേശ മൂലധന നിക്ഷേപം അനുവദിക്കുന്ന കേന്ദ്ര നയത്തിന്റെ കരട് പുറത്തുവന്നതാണ് ഇപ്പോളത്തെ പുതിയ വിവാദം.  

തീര, ആഴക്കടൽ മേഖലകളിലുള്ള ധാതു ലോഹങ്ങളും ഇന്ധനവും ഖനനം ചെയ്യാനുള്ള പദ്ധതി കരടിൽ ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യൻ തീരങ്ങളിൽ നിക്കൽ, യുറേനിയം, കോപ്പർ, തോറിയം, ടൈറ്റാനിയം, പോളി മെറ്റലിക് മാംഗനീസ്, ഇൽമനൈറ്റ്, ഗാർനെറ്റ്, സിൽകോൺ എന്നീ ധാതുക്കൾ സുലഭമാണ്. ഇവയുടെ വിവരശേഖരണവും ഖനന സാങ്കേതിക വിദ്യയുടെ വികസനവും ലക്ഷ്യമിടുന്നതാണ് കരട് നയം.

ഇത് സംസ്ഥാന സർക്കാരിന്റെ അധികാരത്തിൽ കടന്നുകയറുന്നതും പ്രത്യാഘാതം ഉണ്ടാക്കുന്നതുമാണെന്ന് വിമർശനം. അതേസമയം നയരേഖയെക്കുറിച്ച് അഭിപ്രായം അറിയിക്കാൻ സംസ്ഥാന സർക്കാരുകൾക്കും ബന്ധപ്പെട്ട സംഘടനകൾക്കും അനുവദിച്ചത് 10 ദിവസം മാത്രമാണെന്നാണ് മറ്റൊരു പ്രധാന ആക്ഷേപം.

നയരേഖ പുറത്തിറക്കിയത് ഫെബ്രുവരി 17നാണ്. അഭിപ്രായം അറിയിക്കാനുള്ള സമയം കഴിഞ്ഞ ശേഷമാണ് ബന്ധപ്പെട്ട പലരും ഇതേക്കുറിച്ച് അറിഞ്ഞത്. സാധാരണ കേന്ദ്ര നയങ്ങളിൽ അഭിപ്രായം അറിയിക്കാൻ 60– 90 ദിവസങ്ങൾ അനുവദിക്കുമെന്നിരിക്കെ ഈ രേഖ തിരക്കിട്ട് അംഗീകരിക്കാനുള്ള നീക്കം ദുരൂഹമാണെന്നു മത്സ്യത്തൊഴിലാളി സംഘടനകൾ ആരോപിച്ചു. മതിയായ ചർച്ചകൾക്കു ശേഷം പുതിയ നയരേഖ തയ്യാറാക്കാൻ പാടുള്ളൂവെന്നും അവർ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.