'പാര്‍ട്ടിക്ക് രാഷ്ട്രമാണ് ആദ്യം; എന്നാല്‍ ചിലര്‍ക്ക് മോഡി കഴിഞ്ഞേ രാഷ്ട്രമുള്ളു': തരൂരിനെതിരെ ഖാര്‍ഗെ

'പാര്‍ട്ടിക്ക് രാഷ്ട്രമാണ് ആദ്യം; എന്നാല്‍ ചിലര്‍ക്ക്  മോഡി  കഴിഞ്ഞേ രാഷ്ട്രമുള്ളു': തരൂരിനെതിരെ ഖാര്‍ഗെ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നിരന്തരം പ്രശംസിക്കുന്ന കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ട്ടിക്ക് രാഷ്ട്രമാണ് ആദ്യം. എന്നാല്‍ ചിലര്‍ക്ക് മോഡി ഒന്നാമതും രാഷ്ട്രം രണ്ടാമതുമാണെന്ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദേഹം പറഞ്ഞു.

'എനിക്ക് ഇംഗ്ലീഷ് വായിക്കാന്‍ അറിയില്ല. അീേഹത്തിന് ഇംഗ്ലീഷില്‍ നല്ല പ്രാവീണ്യം ഉണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ അദേഹത്തെ സിഡബ്ല്യുസി അംഗമാക്കിയത്. ഞങ്ങള്‍ നമ്മുടെ സൈന്യത്തിനും സൈനികര്‍ക്കും ഓപ്പറേഷന്‍ സിന്ദൂരിനും ഒപ്പമാണെന്ന് പ്രതിപക്ഷം മുഴുവനും പറഞ്ഞു. പക്ഷേ, ചിലര്‍ക്ക് മോഡിയാണ് ഒന്നാമത്. അതിന് നമുക്കെന്ത് ചെയ്യാന്‍ കഴിയും' - ഖാര്‍ഗെ പറഞ്ഞു.

ശശി തരൂരിനെതിരെ കോണ്‍ഗ്രസ് എന്തെങ്കിലും നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് ആളുകള്‍ അവര്‍ക്ക് തോന്നുന്നത് എഴുതും. അതിലൊന്നും ഞങ്ങള്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.

'രാജ്യത്തിന് വേണ്ടി ഞങ്ങള്‍ ഐക്യം ആഗ്രഹിക്കുന്നു. രാജ്യത്തിന് വേണ്ടി ഞങ്ങള്‍ പോരാടിക്കൊണ്ടിരിക്കും. ഏകദേശം 34 സിഡബ്ല്യുസി അംഗങ്ങളും 30 പ്രത്യേക ക്ഷണിതാക്കളും ഉണ്ട്. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടുകള്‍ പറയുന്നു.

തരൂര്‍ അദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം പറയുന്നു. രാഷ്ട്രത്തെ രക്ഷിക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ച് ആര്‍ക്കെങ്കിലും ആശങ്കയുണ്ടെങ്കില്‍ നിങ്ങള്‍ അദേദ്ദഹത്തോട് ചോദിക്കണം' - ഖാര്‍ഗെ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.