വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ യുവതിയെ കാണാനില്ലെന്ന് പരാതി

വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ യുവതിയെ കാണാനില്ലെന്ന് പരാതി

ന്യൂഡല്‍ഹി: വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ യുവതിയെ കാണാനില്ലെന്ന് പരാതി. ഇക്കഴിഞ്ഞ ജൂണ്‍ 25 ന് ന്യൂജഴ്‌സിയില്‍ നിന്നാണ് സിമ്രാന്‍ എന്ന ഇരുപത്തിനാലുകാരിയെ കാണാതായത്. ജൂണ്‍ 20 നാണ് യുവതി അമേരിക്കയിലെത്തിയത്.

ലിന്‍ഡന്‍വോള്‍ഡ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി ഫോണ്‍ പരിശോധിക്കുന്നതും ആരെയോ കാത്തിരിക്കുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. വിഡിയോയില്‍ പെണ്‍കുട്ടിയുടെ മുഖത്ത് അസ്വാഭാവികതയൊന്നും കാണാനില്ലെന്നും പൊലീസ് പറഞ്ഞു.

അതിനിടെ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തിനായാണോ യുവതി യു.എസില്‍ എത്തിയത് എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിന്റെ മറവില്‍ യു.എസിലെത്താനുള്ള ശ്രമമാണോ നടന്നതെന്നും സംശയമുണ്ട്.

സിമ്രാന് അമേരിക്കയില്‍ ബന്ധുക്കാരുമില്ല. ഇംഗ്ലീഷ് ഭാഷയും അറിയില്ല. വൈ ഫൈ വഴിയാണ് പെണ്‍കുട്ടിയുടെ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. പെണ്‍കുട്ടിയുടെ ഇന്ത്യയിലെ ബന്ധുക്കളെയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

അഞ്ചടി നാലിഞ്ചാണ് പെണ്‍കുട്ടിയുടെ ഉയരം. 68 കിലോഗ്രാം ഭാരമുണ്ട്. നെറ്റിയുടെ ഇടതു വശത്തായി ചെറിയ അടയാളമുണ്ട്. സിസി ടിവി ദൃശ്യങ്ങളില്‍ ചാര നിറത്തിലുള്ള പാന്റും വെളുത്ത ടീഷര്‍ട്ടും ആണ് ധരിച്ചിട്ടുള്ളത്.

ചെറിയ ഡയമണ്ട് കമ്മല്‍ അണിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ ലിന്‍ഡന്‍വോള്‍ഡ് പൊലീസുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.