ഭാരതാംബ ചിത്ര വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍; വിസിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സര്‍ക്കാര്‍

ഭാരതാംബ ചിത്ര വിവാദം: കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍; വിസിയുടെ നടപടി  ചട്ടവിരുദ്ധമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ.എസ് അനില്‍ കുമാറിനെ വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്തു. ഗവര്‍ണറോട് അനാദരവ് കാട്ടി, ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നിങ്ങനെയുള്ള വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന് നേരത്തേ വൈസ് ചാന്‍സലര്‍ രാജ്ഭവന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ജൂണ്‍ 25 ന് സെനറ്റ് ഹാളില്‍ നടന്ന ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

പ്രതിഷേധത്തിന് പിന്നാലെ പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇ-മെയില്‍ അയച്ചു. എന്നാല്‍ ഇതേ സമയം തന്നെ ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

ഗവര്‍ണര്‍ വേദിയിലായിരിക്കുമ്പോള്‍ ഹാളിലെ പരിപാടിക്കുള്ള അനുമതി റദ്ദാക്കിയ റജിസ്ട്രാറുടെ നടപടി ധിക്കാരപരമാണെന്നും ഗവര്‍ണര്‍ പദവിയോടുള്ള അനാദരവാണെന്നും വൈസ് ചാന്‍സലര്‍ രാജ്ഭവന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പിന്നാലെയാണ് സസ്പെന്‍ഷന്‍.

അതേസമയം രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടിയെ എതിര്‍ത്ത് സര്‍ക്കാര്‍ രംഗത്തെത്തി. വൈസ് ചാന്‍സലറുടെ നടപടി അമിത അധികാര പ്രയോഗമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു ആരോപിച്ചു.

വിസിക്ക് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ കഴിയില്ല. ഉത്തരവ് ചട്ട ലംഘനം ആണ്. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടും എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സസ്പെന്‍ഡ് ചെയ്ത വിസിയുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ഡോ. കെ.എസ് അനില്‍ കുമാറും പ്രതികരിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.