ജനരോഷം കത്തിക്കയറി; പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് ഡല്‍ഹി സര്‍ക്കാര്‍

ജനരോഷം കത്തിക്കയറി; പഴയ വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പഴയ വാഹനങ്ങള്‍ക്ക് നഗരത്തിലെ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് പിന്‍വലിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഉത്തരവ് സംബന്ധിച്ച് ജനരോഷം ശക്തമായതാണ് ഉത്തരവ് പിന്‍വലിക്കാന്‍ കാരണം. ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാന്‍ പ്രയാസമാണെന്നും സാങ്കേതിക വെല്ലുവിളികളുണ്ടെന്നും പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

വാഹനങ്ങള്‍ നന്നായി പരിപാലിക്കുന്നവരെ ശിക്ഷിക്കുന്നതിന് പകരം മോശം അവസ്ഥയിലുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനുള്ള ഒരു സംവിധാനം ആലോചിക്കുന്നതായും അദേഹം വ്യക്തമാക്കി. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കും ഇന്ധനം നല്‍കരുതെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. വായു മലിനീകരണം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് ജൂലൈ ഒന്ന് മുതല്‍ കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഡല്‍ഹി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.

ഇതിനെതിരേ വലിയ തോതില്‍ ജനരോഷം ഉയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. ഒട്ടേറെപേര്‍ സാമൂഹികമാധ്യമങ്ങളിലൂടെ രോഷം പ്രകടിപ്പിച്ചിരുന്നു. സര്‍ക്കാര്‍ നയത്തെച്ചൊല്ലി ചൂടേറിയ സംവാദങ്ങളും നടന്നു. എട്ട് വര്‍ഷം പഴക്കമുള്ള റേഞ്ച് റോവര്‍ ചെറിയ വിലയ്ക്ക് വില്‍പനയ്ക്ക് വെച്ചെന്ന ഉടമയുടെ പോസ്റ്റും 2015 ല്‍ വാങ്ങിയ തന്റെ മെഴ്സിഡീസ് ബെന്‍സ് തുച്ഛമായ വിലയ്ക്ക് വില്‍ക്കേണ്ടി വന്നുവെന്ന മറ്റൊരു ഉടമയുടെ പോസ്റ്റും വിലയ ചര്‍ച്ചയായി.

15 വര്‍ഷം പഴക്കമുള്ള പെട്രോള്‍ വാഹനങ്ങളും 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങളുമാണ് കാലാവധി അവസാനിച്ച വാഹനങ്ങളായി (എന്‍ഡ് ഓഫ് ലൈഫ് വെഹിക്കിള്‍) കണക്കാക്കുന്നത്. ഈ തീരുമാനം ഡല്‍ഹിയില്‍ മാത്രം 62 ലക്ഷം വാഹനങ്ങളെയാണ് ബാധിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പഴയ വാഹനങ്ങള്‍ കണ്ടെത്താനും നടപടി സ്വീകരിക്കാനും ഗതാഗത വകുപ്പ് വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചത്. പൊലീസ്, മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി സഹകരിച്ചായിരുന്നു നടപടി.

ഡല്‍ഹിയിലെ അഞ്ഞൂറോളം വരുന്ന പമ്പുകളില്‍ 100 എണ്ണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ വാഹനം പിടിച്ചെടുക്കാനും നിയോഗിച്ചു. 50 പമ്പുകളില്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ശേഷിക്കുന്ന 350 പമ്പുകളില്‍ ട്രാഫിക് പൊലീസിനെയും വാഹനം പിടിച്ചെടുക്കാന്‍ വിന്യസിപ്പിച്ചിരുന്നു.

ഡല്‍ഹിയിലെ 498 പെട്രോള്‍ പമ്പുകളില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍ ക്യാമറകളും (എഎന്‍പിആര്‍) സ്ഥാപിച്ചു. വാഹന്‍ സോഫ്റ്റ്‌വെയറിലെ ഡാറ്റാബേസുമായി ഈ ക്യാമറ ബന്ധിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ പമ്പ് ഓപ്പറേറ്റര്‍മാര്‍ ഈ ക്യാമറയുടെ സഹായത്തോടെ വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കുകയും കാലപ്പഴക്കം ചെന്ന വാഹനമാണെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്നുമായിരുന്നു നിര്‍ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.