'സമ്പത്ത് ചിലരില്‍ കുമിഞ്ഞു കൂടുന്നു'; ഇത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയ്ക്ക് ഗുരുതര വെല്ലുവിളിയെന്ന് നിതിന്‍ ഗഡ്കരി

'സമ്പത്ത് ചിലരില്‍ കുമിഞ്ഞു കൂടുന്നു'; ഇത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയ്ക്ക് ഗുരുതര വെല്ലുവിളിയെന്ന്  നിതിന്‍ ഗഡ്കരി

മുംബൈ: രാജ്യത്ത് ദരിദ്രരുടെ എണ്ണം വര്‍ധിക്കുന്നിനൊപ്പം സമ്പത്ത് കുറച്ചാളുകളില്‍ കുമിഞ്ഞു കൂടുന്നുവെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി.

ഇത്തരത്തില്‍ സാമ്പത്തിക അസമത്വം വര്‍ധിക്കുന്നത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക ഘടനയ്ക്ക് ഗുരുതര വെല്ലുവിളിയാണെന്നും അദേഹം പറഞ്ഞു. നാഗ്പുരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.

ഇന്ത്യയുടെ വികസനം അളക്കേണ്ടത് മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) ത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമല്ലെന്നും രാജ്യത്തെ പാര്‍ശ്വവല്‍കരിക്കപ്പെട്ടവരെയും ഗ്രാമീണ സമൂഹങ്ങളെയും ഉയര്‍ത്തിക്കൊണ്ടു വരുന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കണമെന്നും ഗഡ്കരി പറഞ്ഞു.

നിര്‍മാണ മേഖല 22-24 ശതമാനം, സേവന മേഖല 52-54 ശതമാനം എന്നിങ്ങനെ ജിഡിപിയിലേക്ക് വിവിധ മേഖലകള്‍ സംഭാവനകള്‍ നല്‍കുന്നുണ്ട്. അതേസമയം, ഗ്രാമീണ ജനസംഖ്യയില്‍ 65-70 ശതമാനം പേര്‍ കാര്‍ഷിക വൃത്തിയിലേര്‍പ്പെടുമ്പോഴും ആ മേഖല ജിഡിപിയിലേക്ക് സംഭാവന ചെയ്യുന്നത് 12 ശതമാനം മാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

റോഡ് നിര്‍മാണത്തിന് ബില്‍ഡ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ സംവിധാനം ആവിഷ്‌കരിച്ചത് താനാണ്. റോഡ് വികസനത്തിന് ഫണ്ട് അപര്യാപ്ത ഇല്ല. 'ചിലപ്പോള്‍ ഞാന്‍ പറയാറുണ്ട്. എനിക്ക് ഫണ്ടിന്റെ കുറവില്ല, ജോലിയുടെ കുറവേയുള്ളൂ്' - ഗഡ്കരി പറഞ്ഞു.

നിലവില്‍ ടോള്‍ ബൂത്തുകളിലൂടെ 55,000 കോടി രൂപയാണ് ലഭിക്കുന്നത്. അടുത്ത രണ്ട് വര്‍ഷം കൊണ്ട് ആ വരുമാനം 1.40 ലക്ഷം കോടിയിലെത്തും. അടുത്ത 15 വര്‍ഷം കൂടി പണം ഈടാക്കുമ്പോള്‍ 12 ലക്ഷം കോടിയാകുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.