ന്യൂഡല്‍ഹി: കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച് സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. വേര്‍പിരിഞ്ഞ ദമ്പതിമാര്‍ തമ്മിലുള്ള കേസില്‍ കുട്ടിയുടെ സംരക്ഷണാവകാശം അച്ഛന് നല്‍കിയ ഉത്തരവിനെതിരെ അമ്മ നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്. തിരുവനന്തപുരം ജില്ലയിലെ യുവതി നല്‍കിയ പുനപരിശോധന ഹര്‍ജിയിലാണ് സുപ്രധാന ഉത്തരവ്.
ചില നിബന്ധനകളോടെയാണ് കുട്ടിയുടെ സംരക്ഷണാവകാശം അമ്മയ്ക്ക് സുപ്രീം കോടതി കൈമാറിയിരിക്കുന്നത്. അച്ഛന് സംരക്ഷണാവകാശം നല്‍കിയ ഉത്തരവ് കുട്ടിയുടെ മാനസികാവസ്ഥയെ ബാധിക്കുന്നുവെന്ന മനശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുപ്രീം കോടതി മുന്‍ ഉത്തരവ് പുനപരിശോധിച്ചത്. അപൂര്‍വമായി മാത്രമാണ് സുപ്രീം കോടതി തുറന്ന കോടതിയില്‍ വാദം കേട്ട് പുനപരിശോധന ഹര്‍ജികള്‍ അംഗീകരിക്കുന്നത്. സംരക്ഷണാവകാശ കേസുകളില്‍ കുട്ടിയുടെ ഉത്തമ താല്‍പര്യവും നന്മയും ആയിരിക്കണം ജുഡീഷ്യല്‍ ഉത്തരവുകളുടെ കാതല്‍ എന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, പി.ബി വരാലെ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് പുനപരിശോധന ഹര്‍ജി അംഗീകരിച്ചത്.
പന്ത്രണ്ട് വയസുള്ള ആണ്‍കുട്ടിയുടെ സംരക്ഷണാവകാശ ചുമതല സംബന്ധിച്ച കേസില്‍ കുടുംബ കോടതിയില്‍ നിന്ന് അമ്മയ്ക്ക് അനുകൂലമായ ഉത്തരവാണ് ഉണ്ടായത്. എന്നാല്‍ കേരള ഹൈക്കോടതി സംരക്ഷണാവകാശ കേസില്‍ അച്ഛന് അനുകൂലമായി വിധി പ്രസ്താവിച്ചു. സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവച്ചിരുന്നു. ഇതിനെതിരെയാണ് അമ്മ സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി ഫയല്‍ ചെയ്തത്.
സുപ്രീം കോടതിയുടെ ആദ്യ ഉത്തരവ് കുട്ടിയുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്ന നാല് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അമ്മയുടെ സീനിയര്‍ അഭിഭാഷകയായ ലിസ് മാത്യു സുപ്രീം കോടതിക്ക് കൈമാറിയിരുന്നു. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധര്‍ തയ്യാറാക്കിയ നാല് റിപ്പോര്‍ട്ടുകളാണ് കേസില്‍ നിര്‍ണായകമായത്. സംരക്ഷണ ചുമതല മാറ്റത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കുട്ടിക്ക് ഉത്കണ്ഠ, വികാരങ്ങളെ നേരിടാന്‍ ബുദ്ധിമുട്ട്, വേര്‍പിരിയല്‍ ഉത്കണ്ഠ എന്നിവ അനുഭവപ്പെടുന്നതായി മനശാത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
അമ്മയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷക ലിസ് മാത്യു, അഭിഭാഷകന്‍ വിഷ്ണു ശര്‍മ്മ എ.എസ് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്. അച്ഛന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കിരണ്‍ സൂരിയും ഹാജരായിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.