ദുബായ്: ഷാര്‍ജയില്‍ മരിച്ച കൊല്ലം സ്വദേശി വിപഞ്ചിക(33)യുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കും. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വിപഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി.
ആത്മഹത്യ തന്നെയാണ് മരണ കാരണമെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം. വിപഞ്ചികയുടെയും വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവ് ഷൈലജ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചതിനെ തുടര്‍ന്നാണ് തിരക്കിട്ട ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായത്.
എന്നാല്‍ യുഎഇ നിയമപ്രകാരം കുട്ടിയുടെ പിതാവിനാണ് കുട്ടിയുടെ മൃതദേഹം വിട്ടുകൊടുക്കേണ്ടത്. അതിനാല്‍ കോടതി ഉത്തരവ് പിതാവ് നിതീഷിന് അനുകൂലമാകുകയായിരുന്നു. എന്നാല്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിലൂടെ ഇന്നലെ നടക്കേണ്ടിയിരുന്ന ശവസംസ്‌കാരം മാറ്റിവച്ചു. ഇന്നും കോണ്‍സുലേറ്റ് അധികൃതരുടെ നേതൃത്വത്തില്‍ ഷൈലജ, കാനഡയില്‍ നിന്നെത്തിയ വിപഞ്ചികയുടെ സഹോദരന്‍ വിനോദ് മണിയന്‍ എന്നിവരുമായും ഭര്‍ത്താവ് നിതീഷ് മോഹന്റെ ബന്ധുക്കളുമായും ചര്‍ച്ച നടന്നു.
എന്നാല്‍ കുട്ടിയെ യുഎഇയില്‍ സംസ്‌കരിക്കുന്ന കാര്യത്തില്‍ നിതീഷ് വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായില്ല. നിതീഷിന് അനുകൂലമായി കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാലും കുട്ടിയുടെ മൃതദേഹം ഏറെ നാള്‍ ഫോറന്‍സിക് ലാബില്‍ വയ്ക്കുന്നതിന്റെ അനൗചിത്യവും കാരണം കോണ്‍സുലേറ്റിന് ഇക്കാര്യത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിഞ്ഞില്ല.
വിപഞ്ചികയുടെയും ഒന്നര വയസുള്ള മകള്‍ വൈഭവിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകാനാണ് കൊല്ലത്ത് നിന്ന് അമ്മ ഷൈലജയും കാനഡയില്‍ നിന്ന് സഹോദരന്‍ വിനോദും യുഎഇയിലെത്തിയത്. നേരത്തെ മാതാവ് ഷൈലജ നല്‍കിയ പരാതിയില്‍ വിപഞ്ചികയുടെ ഭര്‍ത്താവ്, ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു.
ഇയാളുടെ സഹോദരി രണ്ടാം പ്രതിയും പിതാവ് മോഹനന്‍ മൂന്നാം പ്രതിയുമാണ്. കഴിഞ്ഞ ഒന്‍പതിന് ഉച്ചയ്ക്കാണ് ചന്ദനത്തോപ്പ് രജിത ഭവനില്‍ പരേതനായ മണിയന്റെയും ഷൈലജയുടെയും മകള്‍ വിപഞ്ചിക മണിയന്‍ (33), ഒന്നര വയസുള്ള മകള്‍ വൈഭവി എന്നിവരെ ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.