ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും കുവൈറ്റിനുമിടയിലെ വിമാന സീറ്റുകളുടെ എണ്ണം വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ആഴ്ചയില്‍ 18000 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. കൂടുതല്‍ പേര്‍ക്ക് യാത്രയ്ക്ക് സൗകര്യം ഒരുങ്ങിയതോടെ ടിക്കറ്റ് നിരക്കില്‍ കുറവ് വരാനും സാധ്യതയുണ്ട്.
കുവൈറ്റിനും ഇന്ത്യയ്ക്കും ഇടയില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ലൈന്‍സ് എന്നി വിമാന കമ്പനികളാണ് പ്രധാനമായും സര്‍വീസ് നടത്തുന്നത്. കുവൈറ്റിന്റെ കുവൈറ്റ് എയര്‍വേയ്സും ജസീറ എയര്‍വേയ്സും ഇതിന് പുറമെയുണ്ട്. എല്ലാ കമ്പനികള്‍ക്കുമായി ആഴ്ചയില്‍ 12000 സീറ്റുകളാണ് ഇതുവരെ ഉണ്ടായിരുന്നത്. 50 ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
കുവൈറ്റുമായി ബന്ധപ്പെട്ട് ഈ ആഴ്ച വരുന്ന രണ്ടാമത്തെ സുപ്രധാന തീരുമാനമാണിത്. കുവൈറ്റ് പൗരന്മാരെ കൂടുതലായി ആകര്‍ഷിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇ-വിസ അനുവദിച്ചിരുന്നു. ടൂറിസം, മെഡിക്കല്‍, ബിസിനസ്, യോഗ, കോണ്‍ഫറന്‍സ് എന്നി ഗണത്തില്‍പ്പെടുന്ന വിസകളാണ് ഇന്ത്യ കുവൈറ്റ് പൗരന്മാര്‍ക്ക് നല്‍കുന്നത്. ഓണ്‍ലൈന്‍ ആയി അപേക്ഷിച്ചാല്‍ നാല് ദിവസത്തിനകം വിസ ലഭിക്കുമെന്ന് എംബസി അറിയിച്ചു.
നേരത്തെ കുവൈറ്റിനും ഇന്ത്യയ്ക്കുമിടയിലുള്ള വിമാന സീറ്റുകളുടെ പ്രതിവാര എണ്ണം 8320 ആയിരുന്നു. 18 വര്‍ഷം മുമ്പ് ഇത് 12000 ആക്കി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ 18000 സീറ്റായി. ഏഴ് ലക്ഷത്തോളം മലയാളികള്‍ കുവൈറ്റില്‍ ജോലി ചെയ്യുന്നു എന്നാണ് കണക്ക്.
ഇന്ത്യന്‍ ഏവിയേഷന്‍ സെക്രട്ടറി സമീര്‍ കുമാര്‍ സിന്‍ഹയും കുവൈറ്റ് ഡിജിസിഎ പ്രസിഡന്റ് ശൈഖ് ഹമൗദ് അല്‍ മുബാറക്കുമാണ് പുതിയ സീറ്റ് വര്‍ധനവ് കരാറില്‍ ഒപ്പുവച്ചിരിക്കുന്നത്. കുവൈറ്റുമായി കൂടുതല്‍ സഹകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കുവൈറ്റ് സന്ദര്‍ശിക്കുകയും ബന്ധം ദൃഢമാക്കുകയും ചെയ്തിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.