ന്യൂഡല്‍ഹി: വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്തേകാന്‍ ആറ് പുതിയ അവാക്‌സ് നിരീക്ഷണ വിമാനങ്ങള്‍ ഉടനെത്തും. പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച പുതുതലമുറ വിമാനങ്ങള്‍ക്ക് സെന്‍സറുകള്‍ വഴി ശത്രുവിമാനങ്ങളെ ദൂരെനിന്ന് കണ്ടെത്താന്‍ കഴിയും. അതുവഴി ശത്രുവിമാനങ്ങളെ പ്രതിരോധിക്കാനും സേനയ്ക്ക് കഴിയും.
20,000 കോടി രൂപയാണ് ചെലവ് ഇതിന്റെ ചെലവ്. നേത്ര എംകെ-2 എന്നാണ് അവാക്‌സ് ഇന്ത്യാ പ്രോഗ്രാം അറിയപ്പെടുന്നത്. ഓപ്പറേഷന്‍ സിന്ദൂറില്‍ അവാക്‌സ് (എയര്‍ബോണ്‍ ഏര്‍ളി വാണിങ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റംസ്) വിമാനങ്ങളുടെ സേവനം വിലപ്പെട്ടതായിരുന്നു. ആകാശത്തിലൂടെയുള്ള ആക്രമണ മുന്നറിയിപ്പ് നല്‍കുന്നതും നിയന്ത്രണ സംവിധാനം ഘടിപ്പിച്ചതുമായ വിമാനമാണ് അവാക്‌സ്. ശത്രുനിരീക്ഷണത്തിനും പ്രതിരോധത്തിനും നിര്‍ണായകമാണിവ. തദ്ദേശീയ അവാക്‌സ് സംവിധാനം വികസിപ്പിച്ചെടുക്കുക വഴി ഇന്ത്യ മുന്‍നിര രാഷ്ട്രങ്ങളുടെ നിരയിലേക്കുയര്‍ന്നതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു.
വിവിധ ഇന്ത്യന്‍ കമ്പനികളുമായും എയര്‍ബസുമായും സഹകരിച്ചാണ് പരിഷ്‌കരിച്ച റഡാര്‍ ആന്റിനയും അനുബന്ധ സംവിധാനങ്ങളും എ 321 വിമാനവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ ഡിആര്‍ഡിഒ പൂര്‍ത്തിയാക്കിയത്. ഇതിനായി എയര്‍ ഇന്ത്യയില്‍ നിന്ന് ആറ് എ-321 വിമാനം വ്യോമസേന സ്വന്തമാക്കിയിരുന്നു. ഇവയില്‍ 360 ഡിഗ്രി റഡാര്‍ കവറേജ് സാധ്യമാക്കുന്ന വിധത്തില്‍ റഡാര്‍ സ്ഥാപിക്കുന്നതടക്കം ഘടനാപരമായ നവീകരണങ്ങള്‍ നടത്തിയാണ് അവാക്‌സ് സജ്ജമാക്കുന്നത്.
തദ്ദേശീയമായി വികസിപ്പിച്ച മിഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും ആധുനിക ഇലക്ട്രോണിക് സ്‌കാന്‍ഡ് അറേ റഡാറുകളുമാണ് ഇതിന്റെ സവിശേഷത.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.