ന്യൂഡല്‍ഹി: ബോയിങ് 787, 737 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ചിന്റെ ലോക്കിങ് സംവിധാനവുമായി ബന്ധപ്പെട്ട പരിശോധന പൂര്‍ത്തിയായെന്നും ഒരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയര്‍ ഇന്ത്യ.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. 271 പേര്‍ക്ക് ജീവന്‍ നഷ്ടമായ ജൂണ്‍ 12 ലെ അഹമ്മദാബാദ് ബോയിങ് ഡ്രീം ലൈനര്‍ 787 വിമാനാപകടത്തെ തുടര്‍ന്നായിരുന്നു പരിശോധന.
അപകടത്തിനു പിന്നാലെ പുറത്തുവന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ വിമാനത്തിന്റെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച് കട്ട് ഓഫ് ആയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ സ്വമേധയാ മുന്‍കരുതല്‍ പരിശോധനകള്‍ നടത്തിയിരുന്നു.
ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ച് അബദ്ധത്തില്‍ കട്ട് ഓഫ് പൊസിഷനിലാകാന്‍ സാധ്യതയില്ലെന്ന് ഉറപ്പിക്കുന്നതിന് കൂടുതല്‍ പരിശോധനകള്‍ ആവശ്യമായിരുന്നു. ഇതോടെ ജൂലൈ 21 നകം ചില വിമാന മോഡലുകളിലെ ഇന്ധന സ്വിച്ചുകളുടെ പരിശോധന നടത്തണമെന്ന് ഡിജിസിഎ എയര്‍ ഇന്ത്യയോട് ആവശ്യപ്പെടുകയായിരുന്നു.
എയര്‍ ഇന്ത്യയും അനുബന്ധ കമ്പനിയായ എയര്‍ ഇന്ത്യ എക്സ്പ്രസും ഡിജിസിഎ നിര്‍ദേശം പാലിച്ചിട്ടുണ്ടെന്ന് ടാറ്റ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ വ്യക്തമാക്കി.
ബോയിങ് വിമാനങ്ങളിലെ ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകളുടെ ലോക്കിങ് സംവിധാനം സുരക്ഷിതമാണെന്ന് യുഎസ് റെഗുലേറ്ററായ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും (എഫ്എഎ), ബോയിങും നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.
അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണ് അപകടത്തിന് കാരണമായതെന്നും ഇതിന് ഇടയാക്കിയത് എന്‍ജിനുകളിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ആയിരുന്നതിനാലാണെന്നും കണ്ടെത്തിയിരുന്നു.
ആരാണ് ഈ സ്വിച്ചുകള്‍ ഓഫ് ചെയ്തതെന്ന് ഒരു പൈലറ്റ് മറ്റൊരു പൈലറ്റിനോട് ചോദിക്കുന്നതിന്റെയും താനല്ല ഓഫ് ചെയ്തതെന്ന് മറുപടി നല്‍കന്നതിന്റെയും ശബ്ദരേഖയും പുറത്തു വന്നിരുന്നു. സ്വിച്ചുകള്‍ ഓഫായിരുന്നത് മനസിലാക്കി പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും എന്‍ജിനുകള്‍ അപ്പോഴേക്കും ഓഫ് ആകുകയും തിരികെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന് മുമ്പുതന്നെ വിമാനം തകര്‍ന്നു വീഴുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ അറിയാന്‍ വിശദമായ അന്വേഷണം വേണമെന്ന് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.