ഇസ്താംബൂള്‍: റഷ്യയുടെയും ഉക്രെയ്‌ന്റെയും പ്രതിനിധികള്‍ തമ്മില്‍ തുര്‍ക്കിയില്‍ നടത്തിയ വെടിനിര്‍ത്തല്‍ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. 40 മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ പലതും ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമാകാതെ വന്നതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
തടവുകാരെ പരസ്പരം കൈമാറുന്നത് സംബന്ധിച്ചായിരുന്നു പ്രധാനമായും ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്തത്. രണ്ട് രാജ്യങ്ങളില്‍ നിന്നുമായി കുറഞ്ഞത് 1,200 യുദ്ധ തടവുകാരെയെങ്കിലും കൈമാറാനുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ശത്രുത അവസാനിപ്പിക്കുന്നതില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ഉക്രെയ്ന്‍ പ്രതിനിധി റസ്റ്റം ഉമെറോവ് പറഞ്ഞു.
ഓഗസ്റ്റ് അവസാനത്തോടെ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ ഒരു കൂടിക്കാഴ്ച്ച നടത്താനും ഉക്രെയ്ന്‍ നിര്‍ദേശം മുന്നോട്ടു വച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം റഷ്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഒരു കരാറില്‍ എത്തുക എന്നതാണ് പ്രധാനമെന്ന് റഷ്യന്‍ പ്രതിനിധി വ്‌ളാഡിമിര്‍ മെഡിന്‍സ്‌കി പറഞ്ഞു.
അമ്പത് ദിവസത്തിനുള്ളില്‍ ഒരു സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍ റഷ്യയ്ക്കും അവരുടെ ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും മേല്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.
ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് തുര്‍ക്കിയില്‍ വച്ച് ഇരുരാജ്യങ്ങളും ചര്‍ച്ചക്ക് തയാറായത്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടര്‍ന്നാല്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും ബ്രസീലിനും 500 ശതമാനം തീരുവ ചുമത്തുമെന്ന് യു.എസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.