ഡെറാഡൂണ്‍: മേഘ വിസ്‌ഫോടനത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയവും ഉരുള്‍പൊട്ടലും. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചു പോയി. അറുപതിലധികം പേരെ കാണാതായതാണ് പ്രഥമിക വിവരം.
മണ്ണും കല്ലുമായി മലവെള്ളം കുത്തിയൊലിച്ചെത്തി ഒരു പ്രദേശമൊന്നാകെ തുടച്ചു നീക്കി പോകുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തു വന്നു. ഉത്തരകാശി ജില്ലയിലെ ധരാളി ഗ്രാമത്തില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഖീര്‍ഗംഗ നദിയിലൂടെയാണ് പ്രളയ ജലം ഒഴുകിയെത്തിയത്. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ല ഭരണകൂടം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കി.
കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സാഹചര്യം അതീവ ഗുരുതരമാണെന്നാണ് വിവരം. തുടര്‍ച്ചയായി പെയ്യുന്ന മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നുണ്ട്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ 13 ജില്ലകളില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഗംഗ, യമുനാ നദികള്‍ കര കവിഞ്ഞൊഴുകി.
കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 184 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സര്‍ക്കാര്‍ കണക്കുകള്‍.
നൈനിറ്റാല്‍-ഹല്‍ദ്വാനി ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.