കൊച്ചി: കഴിഞ്ഞ ദിവസങ്ങളില്‍ ഛത്തീസ്ഗഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേ നടന്ന അക്രമങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. സമുദായത്തിന്റെ സുരക്ഷയും മത സ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ ആധാര ശിലകളെന്ന് കത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനക്കും ജനാധിപത്യത്തിന്റെ ആത്മാവിനും കളങ്കം ഏല്‍പ്പിക്കുന്നതാണ്. ബജറംഗ്ദള്‍ പോലുള്ള തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരാണ് ക്രൂരതകള്‍ക്ക് പിന്നിലെന്നും ആള്‍ക്കൂട്ട വിചാരണയും കാട്ടു നീതിയും തുടര്‍ക്കഥയാകുന്ന ഈ കാലഘട്ടത്തില്‍ അതിനെ തള്ളിപ്പറയുന്ന ശക്തമായ സന്ദേശമാണ് രാജ്യത്തെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഭരണാധികാരികള്‍ നല്‍കേണ്ടതെന്നും എന്നാണ് കത്തില്‍ പറയുന്നു.
ന്യൂനപക്ഷങ്ങളോടുള്ള സംഘടിതമായ അനീതിക്ക് മുന്നില്‍ നിശബ്ദത പാലിക്കുന്നത് കുറ്റകരമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍ കത്തില്‍ വ്യക്തമാക്കി. വിശ്വാസികളുടെയും ക്രൈസ്തവ സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും അക്രമത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ഉടന്‍ നിയമ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.
ക്രൈസ്തവര്‍ക്കെതിരായി രാജ്യത്ത് നടക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചു പറമ്പില്‍ ആവശ്യപ്പെട്ടു. ആക്രമണങ്ങളെ അനുകൂലിക്കുന്നതോ മൗനം പാലിക്കുന്നതോ ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ലെന്നും അദേഹം പറഞ്ഞു.
വെറുപ്പ് ഇന്ധനമാക്കി വര്‍ഗീയത വളര്‍ത്തുന്ന ഇത്തരം അതിക്രമങ്ങള്‍ രാജ്യത്ത് പതിവാകുന്നത് മതേതരത്വത്തിനും മത സഹിഷ്ണുതയ്ക്കുമെതിരെയുള്ള വലിയ വെല്ലുവിളിയാണ്. തീവ്ര നിലപാടുകാര്‍ അഴിച്ചു വിടുന്ന
ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പൊതുജന പ്രതികരണവും നീതി ഉറപ്പാക്കുന്ന സര്‍ക്കാര്‍ ഇടപെടലും ആവശ്യമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിവ്യക്തമാക്കി.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.