മഞ്ഞുരുകുന്നു...! ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നു: പരസ്പര വിശ്വാസം വര്‍ധിപ്പിക്കാന്‍ ധാരണ; ഷാങ്ഹായി ഉച്ചകോടിക്കിടെ മോഡി-ജിന്‍പിങ് ചര്‍ച്ച

മഞ്ഞുരുകുന്നു...! ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുന്നു: പരസ്പര വിശ്വാസം വര്‍ധിപ്പിക്കാന്‍ ധാരണ; ഷാങ്ഹായി ഉച്ചകോടിക്കിടെ മോഡി-ജിന്‍പിങ് ചര്‍ച്ച

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നു. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ചര്‍ച്ച നടത്തും. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയാണ് മോഡിയെ കണ്ട് ജിന്‍പിങിന്റെ ക്ഷണക്കത്ത് കൈമാറിയത്. ചൈനീസ് പ്രസിഡന്റിന്റെ ക്ഷണം പ്രധാനമന്ത്രി സ്വീകരിച്ചു.

കസാനില്‍ താനും ഷി ജിന്‍പിങും ഉണ്ടാക്കിയ ധാരണയ്ക്ക് ശേഷം ചൈനയുമായുള്ള ബന്ധത്തിലുണ്ടായ പുരോഗതി സ്വാഗതാര്‍ഹമെന്നും മോഡി കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തിയിലെ സമാധാനം രണ്ട് രാജ്യങ്ങള്‍ക്കും ഇടയിലെ നല്ല ബന്ധത്തിന് അനിവാര്യമാണെന്നും നരേന്ദ്ര മോഡി ചൂണ്ടിക്കാട്ടി. നിയന്ത്രണ രേഖയില്‍ കഴിഞ്ഞ ഒന്‍പത് മാസമായി സമാധാനവും ശാന്തതയും നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യ-ചൈന ബന്ധത്തില്‍ പുരോഗതി ദൃശ്യമാണെന്നും ഇന്ത്യ പറഞ്ഞു.

ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ചര്‍ച്ച നടത്തിയത്. ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഈ മാസം ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന ചൈനാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഡോവല്‍-വാങ് യി ചര്‍ച്ച നടന്നത്. ഇരുരാജ്യവും തന്ത്രപ്രധാനമായ ആശയവിനിമയം വഴി പരസ്പര വിശ്വാസം കൂട്ടണമെന്നും അതിര്‍ത്തി പ്രശ്നം പരിഹരിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. മോഡിയുടെ സന്ദര്‍ശനത്തിന് ചൈന വലിയ പ്രാധാന്യം കല്‍പിക്കുന്നെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലേക്ക് രാസവളം, ധാതുക്കള്‍, തുരങ്ക നിര്‍മ്മാണ ഉപകരണങ്ങള്‍ എന്നിവയുടെ കയറ്റുമതി പുനസ്ഥാപിക്കാം എന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ ചര്‍ച്ചയില്‍ ചൈനീസ് വിദേശകാര്യമന്ത്രി തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം ബ്രഹ്മപുത്ര നദിയില്‍ ചൈന നടത്തുന്ന വലിയ അണക്കെട്ട് നിര്‍മാണം ഇന്ത്യ ഉന്നയിച്ചു. നദിയുടെ താഴത്തെ ഭാഗത്തെ തീരങ്ങളില്‍ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയില്‍ എസ്. ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.