സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം ചേളാരിയിലെ 11 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; മലപ്പുറം ചേളാരിയിലെ 11 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പതിനൊന്ന് വയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. പനി ബാധിച്ച് ചേളാരിയില്‍ ചികിത്സതേടിയ കുട്ടി ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.

ഇതോടെ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് കോളജില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം മൂന്നായി. നേരത്തെ രോഗം സ്ഥിരീകരിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും, നാല്പതുകാരനും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

എന്താണ് അമീബിക് മസ്തിഷ്‌കജ്വരം?

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.

രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. അണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകും.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.