ഒരു മാസത്തിനിടെ നാലാം തവണ! ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് വീണ്ടും വ്യാജ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് 50 ലധികം സ്‌കൂളുകള്‍ക്ക്

ഒരു മാസത്തിനിടെ നാലാം തവണ! ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് വീണ്ടും വ്യാജ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് 50 ലധികം സ്‌കൂളുകള്‍ക്ക്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. ബുധനാഴ്ച ഡല്‍ഹിയിലെ അമ്പതോളം സ്‌കൂളുകളിലാണ് ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചത്. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും അഗ്‌നിശമന സേനാംഗങ്ങളും സ്‌കൂളുകളില്‍ തിരച്ചില്‍ നടത്തി.

വിദ്യാര്‍ഥികളെയും അധ്യാപകരേയും സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. മെയിലുകളിലെ ഉള്ളടക്കങ്ങള്‍ സമാനമായിരുന്നതിനാല്‍ വ്യാജ ഭീഷണിക്ക് പിന്നില്‍ ഓരേ ആളാണെന്ന നിഗമനത്തിലാണ് ഡല്‍ഹി പൊലീസ് ഉള്ളത്. ഡല്‍ഹി പൊലീസും സൈബര്‍ യൂണിറ്റുകളും ചേര്‍ന്ന് ഇയാളുടെ ഐഡന്റിറ്റി കണ്ടെത്താനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുകയാണ്. ബുധനാഴ്ച രാവിലെയാണ് ഭീഷണി ഇ-മെയിലുകള്‍ ലഭിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയെ ഉദ്ധരിച്ച് ഡല്‍ഹി പൊലീസ് അറിയിച്ചു.

ദ്വാരകയിലെ രാഹുല്‍ മോഡല്‍ സ്‌കൂള്‍, മാക്സ്ഫോര്‍ട്ട് സ്‌കൂള്‍, മാളവ്യ നഗറിലെ എസ്.കെ.വി, പ്രസാദ് നഗറിലെ ആന്ധ്ര സ്‌കൂള്‍ എന്നിവ ഭീഷണി സന്ദേശം ലഭിച്ച സ്‌കൂളുകളില്‍ ഉള്‍പ്പെടുന്നു. വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസും അഗ്‌നിരക്ഷാ സേനയും ബോംബ് സ്‌ക്വാഡും സ്‌കൂളുകളില്‍ എത്തിയതായി ഡല്‍ഹി ഫയര്‍ സര്‍വീസ് വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ഒറ്റ മാസത്തിനിടെ ഇത് നാലാം തവണയാണ് സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്. പിന്നീട് ഇവ വ്യാജമാണെന്ന് തെളിയിക്കുകയും ചെയ്തിരുന്നു. 2024 മെയ് മുതല്‍ ഇതുവരെ ഡല്‍ഹിയിലെ 200 ലധികം സ്‌കൂളുകളുകള്‍ക്കാണ് ഔദ്യോഗിക മെയില്‍ ഐഡികളിലേക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്. ഇതിനു പുറമേ ഡല്‍ഹി വിമാനത്താവളത്തിലും നിരവധി ആശുപത്രികള്‍ക്കും കോളജുകള്‍ക്കും സമാനമായ ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

കൂടുതല്‍ സ്‌കൂളുകള്‍ ലക്ഷ്യമിട്ടിരിക്കാനുള്ള സാധ്യതയെക്കുറിച്ച് ഡിഎഫ്എസ് മുന്നറിയിപ്പ് നല്‍കി. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി വ്യാപകമാകുന്നത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.