യു.എസ് തീരുവയ്ക്ക് പിന്നില്‍ ട്രംപിന്റെ വ്യക്തിപരമായ താല്‍പര്യം; ഇന്ത്യ - പാക് സംഘര്‍ഷത്തിലെ മധ്യസ്ഥത തള്ളിയത് ചൊടിപ്പിച്ചുവെന്ന് ജെഫറീസ് റിപ്പോര്‍ട്ട്

യു.എസ് തീരുവയ്ക്ക് പിന്നില്‍ ട്രംപിന്റെ വ്യക്തിപരമായ താല്‍പര്യം; ഇന്ത്യ - പാക് സംഘര്‍ഷത്തിലെ മധ്യസ്ഥത തള്ളിയത് ചൊടിപ്പിച്ചുവെന്ന് ജെഫറീസ് റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം അധിക തീരുവ ചുമത്തിയ യു.എസ് തീരുമാനം ട്രംപിന്റെ വ്യക്തിപരമായ താല്‍പര്യമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ നിക്ഷേപ ബാങ്കായ ജെഫറീസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദം ഇന്ത്യ നിഷേധിച്ചതുമായി ബന്ധപ്പെട്ട 'വ്യക്തിപരമായ എതിര്‍പ്പ്' ആണ് തീരുമാനത്തിന് പിന്നിലെന്നും വ്യാപാര തര്‍ക്കങ്ങള്‍ക്ക് ഇതില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യ - പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥനായി ഇടപെടണമെന്നും ഇതിലൂടെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടാനുള്ള അവസരം ഉണ്ടാക്കണം എന്നും ട്രംപ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇന്ത്യ-പാക് വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കാത്ത ഇന്ത്യന്‍ നിലപാട് ട്രംപിന് നീരസമുണ്ടാക്കി. ഈ വ്യക്തിപരമായ എതിര്‍പ്പാണ് അധിക തീരുവയിലേക്ക് നയിച്ചത് എന്നും ജെഫറീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവരാന്‍ സമ്മര്‍ദ്ദം ചെലുത്തി ദക്ഷിണേഷ്യയില്‍ ഒരു 'ആണവയുദ്ധം' തടഞ്ഞു എന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ഇതില്‍ തന്റെ മധ്യസ്ഥത ഉണ്ടായിരുന്നു എന്നും ട്രംപ് പലതവണ അവകാശപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിരന്തരം ട്രംപ് ഉയര്‍ത്തിയ ഈ വാദം ഇന്ത്യ നിഷേധിക്കുകയാണ് ചെയ്തത്.

ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് (ഡിജിഎംഒ) തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയത്തിലൂടെയാണ് വെടിനിര്‍ത്തല്‍ നേടിയതെന്നും യുഎസ് ഇടപെടലുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുകയായിരുന്നു. ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ക്രൂരമായ തീരുവകള്‍ ദൗര്‍ഭാഗ്യകരമായ ഈ സംഭവങ്ങളുടെ ഫലമാണെന്നും ജെഫറീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.