ബീജിങ്: ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ചൈനയിലെ സിന്‍ഹുവ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദേഹം പറഞ്ഞു.
ബ്രിക്‌സ് അംഗ രാജ്യങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിന് തടയിടുന്ന വിവേചനപരമായ ഉപരോധങ്ങള്‍ക്കെതിരേ റഷ്യയും ചൈനയും പൊതു നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും പുടിന്‍ പറഞ്ഞു. ചൈനയിലെ ടിയാന്‍ജിനില്‍ ഷാങ്ഹായ് സഹകരണ ഓര്‍ഗനൈസേഷന്റെ (എസ്.സി.ഒ) ഉച്ചകോടിക്കായി എത്തിയതാണ് റഷ്യന്‍ പ്രസിഡന്റ്.
ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടാണ് പുടിന്റെ പ്രതികരണം. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, ഇറാന്‍, എത്യോപ്യ, ഈജിപ്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സിലുള്ളത്.
ആഗോള വെല്ലുവിളികളെ നേരിടുന്നതിന് ബ്രിക്‌സിനെ ശക്തിപ്പെടുത്താന്‍ റഷ്യയും ചൈനയും ഒരുമിച്ച് നില്‍ക്കുകയാണെന്നും പുടിന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായുള്ള അധിക വിഭവ സമാഹരണത്തില്‍ ഇരു രാജ്യങ്ങളും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
എല്ലാ മനുഷ്യര്‍ക്കും ഉപകാരപ്രദമാകുമന്ന പുരോഗതിയാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. ഈ മഹത്തായ ലക്ഷ്യത്തിലേക്ക് റഷ്യയും ചൈനയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ടിയാന്‍ജിനിലെ ഉച്ചകോടി എസ്.സി.ഒയെ ശക്തിപ്പെടുത്തും. എസ്.സി.ഒയുടെ ആകര്‍ഷണം അതിന്റെ ലളിതമായതും പക്ഷേ, ശക്തമായതുമായ തത്ത്വങ്ങളാണ്.
തുല്യമായ സഹകരണത്തിനുള്ള തുറന്ന പ്രകൃതം, മൂന്നാം കക്ഷികളെ ലക്ഷ്യമിടാതിരിക്കല്‍, ഓരോ രാജ്യത്തിന്റെയും ദേശീയമായ സവിശേഷതകളോടുള്ള ബഹുമാനം തുടങ്ങിയവയാണ് എസ്.സി.ഒയുടെ ആകര്‍ഷണം. ഈ മൂല്യങ്ങളെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര നിയമങ്ങളിലൂന്നി നീതിയുക്തമായ, ബഹുധ്രുവമായ ഒരു ലോകക്രമം രൂപപ്പെടുത്തുന്നതില്‍ എസ്.സി.ഒ സംഭാവന നല്‍കുന്നുണ്ടെന്നും പുടിന്‍ അഭിപ്രായപ്പെട്ടു.
അതിനിടെ എസ്.സി.ഒ ഉച്ചകോടിക്കായി ടിയാന്‍ജിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പുടിനുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കയുടെ തീരുവ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കുമെന്നാണ് സൂചന. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായും മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷി ജിന്‍ പിങിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.