അഫ്ഗാൻ ഭൂകമ്പത്തിൽ മരണം 800 കവിഞ്ഞു; രക്ഷാപ്രവർത്തനത്തിന് ആളില്ലാതെ ഗ്രാമങ്ങൾ; സഹായ വാ​ഗ്ദാനവുമായി ഇന്ത്യ

അഫ്ഗാൻ ഭൂകമ്പത്തിൽ മരണം 800 കവിഞ്ഞു; രക്ഷാപ്രവർത്തനത്തിന് ആളില്ലാതെ ഗ്രാമങ്ങൾ; സഹായ വാ​ഗ്ദാനവുമായി ഇന്ത്യ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തിൽ 800 ൽ അധികം ആളുകൾ മരിക്കുകയും 2500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമാണ് ഉണ്ടായത്.

പല ഗ്രാമങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് ആളില്ലായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ പെട്ടവരെ പുറത്തെടുക്കാൻ സഹായം അഭ്യർത്ഥിക്കുകയാണ് നാട്ടുകാർ.

പാകിസ്ഥാൻ അതിർത്തിക്ക് സമീപം കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ശക്തിയേറിയ ഭൂകമ്പമുണ്ടായതെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരവധി ഗ്രാമങ്ങളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. ഞായറാഴ്ച രാത്രി 11:47-ന് ഉണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു.

യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച് ഭൂകമ്പം എട്ട് കിലോമീറ്റർ ആഴത്തിലാണ് സംഭവിച്ചത്. ആഴം കുറഞ്ഞ പ്രഭവ കേന്ദ്രമുള്ള ഭൂകമ്പങ്ങൾക്ക് കൂടുതൽ നാശനഷ്ടം വരുത്താൻ കഴിയുമെന്നും അവർ വിശദീകരിക്കുന്നു.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഖം രേഖപ്പെടുത്തുകയും സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു. "അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തിൽ നിരവധി ജീവനുകൾ നഷ്ടപ്പെട്ടതിൽ അതീവ ദുഖമുണ്ട്. ഈ ദുരിത സമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും ദുഖിതരായ കുടുംബങ്ങളോടൊപ്പമുണ്ട്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു. ദുരിത ബാധിതർക്ക് സാധ്യമായ എല്ലാ മാനുഷിക സഹായവും നൽകാൻ ഇന്ത്യ തയ്യാറാണ്."- മോഡി എക്സിൽ കുറിച്ചു.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.