ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയ പരിധി നിശ്ചയിക്കാനാകില്ല: സുപ്രീം കോടതി

ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയ പരിധി നിശ്ചയിക്കാനാകില്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി.

രാഷ്ട്രപതിയുടെ റഫറന്‍സില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് ഭരണഘടനാ ബെഞ്ചിന്റെ പരാമര്‍ശം. കാലതാമസം നേരിടുന്ന കേസുകളുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ചില സാഹചര്യങ്ങളില്‍ ബില്ലുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുന്നുണ്ടാകാം. എന്നാല്‍ ഭരണഘടനയുടെ 200, 201 എന്നീ ആര്‍ട്ടിക്കിളുകള്‍ ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും പ്രവര്‍ത്തിക്കാന്‍ ഒരു സമയ പരിധി നിശ്ചയിക്കുന്നതിനെ ന്യായീകരിക്കുന്നില്ലെന്ന് സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു.

കാലതാമസം നേരിടുന്ന കേസുകള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് ആശ്വാസം തേടി കോടതിയെ സമീപിക്കാവുന്നതാണ്. അത്തരം കേസുകളില്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാം.

എന്നാല്‍ ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും നടപടികള്‍ക്കായി കോടതി ഒരു പൊതു സമയപരിധി നിശ്ചയിക്കണമെന്ന് ഇതിനര്‍ത്ഥമില്ലെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ബില്ലുകള്‍ സമയ പരിധി വ്യക്തമാക്കാതെ എത്രയും വേഗം തിരിച്ചയയ്ക്കണമെന്ന് ഭരണഘടന നിര്‍ദേശിച്ചിട്ടുണ്ട്. ബില്ലുകള്‍ക്ക് സമയ പരിധി നിശ്ചയിച്ച് കോടതി തീരുമാനമെടുക്കുന്നത്, കോടതി ഭരണഘടന ഭേദഗതി ചെയ്യുന്നതിന് തുല്യമാകില്ലേയെന്ന് ജസ്റ്റിസ് വിക്രം നാഥ് അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായിയുടെ നേതൃത്വത്തില്‍, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രം നാഥ്, പി.എസ് നരസിംഹ, എ.എസ് ചന്ദുര്‍ക്കര്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് രാഷ്ട്രപതിയുടെ റഫറന്‍സില്‍ വാദം കേള്‍ക്കുന്നത്.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.