എച്ച് 1 ബി വിസ ഉത്തരവ് ഭേദഗതി ചെയ്യാനൊരുങ്ങി ട്രംപ് ഭരണകൂടം; റാന്‍ഡം ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും

എച്ച് 1 ബി വിസ ഉത്തരവ്  ഭേദഗതി ചെയ്യാനൊരുങ്ങി ട്രംപ് ഭരണകൂടം; റാന്‍ഡം ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കും

വാഷിങ്ടണ്‍: എച്ച് 1 ബി വിസ ഉത്തരവില്‍ ഭേദഗതി വരുത്താനൊരുങ്ങി ട്രംപ് ഭരണകൂടം. നിലവിലുള്ള ലോട്ടറി സമ്പ്രദായം നിര്‍ത്തലാക്കി പകരം ഉയര്‍ന്ന വൈദഗ്ധ്യം, വേതനം തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി വിദേശികളായവര്‍ക്ക് വിസ നല്‍കാനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടത്താനാണ് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പുതിയ നിര്‍ദേശം.

ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ പുതിയ നിര്‍ദേശ പ്രകാരം എല്ലാ വേതന തലങ്ങളിലുമുള്ള തൊഴിലാളികളെ നിലനിര്‍ത്താന്‍ തൊഴിലുടമകള്‍ക്ക് അവസരം ലഭിക്കും. ജീവനക്കാരുടെ വേതന നിലവാരത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ്.

ഇതിനായി പുതിയ നാല് ശമ്പള ബാന്‍ഡുകള്‍ സൃഷ്ടിക്കും. വാര്‍ഷിക വരുമാനം 1,62,528 ഡോളര്‍ വരെ ലഭിക്കുന്നവരെ നാല് തവണ സെക്ഷന്‍ പൂളില്‍ ഉള്‍പ്പെടുത്തും. ഏറ്റവും താഴ്ന്ന നിരയിലുള്ളവരെ ഒരു തവണയേ പരിഗണിക്കൂ.

എച്ച് 1 ബി വിസയുടെ ഫീസ് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയ പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതിന് തൊട്ടു പിന്നാലെയാണ് ട്രംപ് ഭരണകൂടം എച്ച് 1 ബി വിസ പദ്ധതിയുടെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഒരുങ്ങുന്നത്.

നിലവില്‍ 85,000 എച്ച് 1 ബി വിസകളാണ് വര്‍ഷം തോറും യു.എസ് സര്‍ക്കാര്‍ വിദേശ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇത് റാന്‍ഡം ലോട്ടറി സമ്പ്രദായം വഴിയാണ് അനുവദിച്ചിരുന്നത്. എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിച്ചായിരുന്നു വിസ അനുവദിച്ചിരുന്നത്. ഇതില്‍ ഉടച്ചു വാര്‍ക്കലാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.

ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ പുതിയ നിര്‍ദേശ പ്രകാരം, ഉയര്‍ന്ന വൈദഗ്ധ്യമുള്ളവര്‍ക്കും ഉയര്‍ന്ന ശമ്പളമുള്ള വിദേശികള്‍ക്കും എച്ച് 1 ബി വിസ അനുവദിക്കുന്നതിന് അനുകൂലമായ ഒരു വെയ്റ്റഡ് സെലക്ഷന്‍ പ്രക്രിയ നടപ്പിലാക്കണം. എല്ലാ വേതന തലങ്ങളിലും തൊഴിലുടമകള്‍ക്ക് എച്ച് 1 ബി തൊഴിലാളികളെ സുരക്ഷിതമാക്കാനുള്ള അവസരം നിലനിര്‍ത്താനും ഇത് ലക്ഷ്യമിടുന്നു.

പുതിയ നിര്‍ദേശങ്ങള്‍ ആഗോള തലത്തിലുള്ള കഴിവുകള്‍ യു.എസ് സാമ്പത്തിക മേഖലയിലേക്ക് ഒഴുകുന്നത് പുനര്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് പ്രിന്‍സിപ്പല്‍ ഇമിഗ്രേഷന്‍ അറ്റോര്‍ണി നിക്കോള്‍ ഗുണാര പറഞ്ഞു.

പുതിയ നിര്‍ദേശം വഴി ഉയര്‍ന്ന ശമ്പളം ലഭിക്കുന്ന അപേക്ഷകര്‍ക്ക് എച്ച് 1 ബി വിസ ലഭിക്കാനുള്ള സാധ്യതയും അവസരവും വര്‍ധിക്കും. പുതിയ നിര്‍ദേശം നിയമ നിര്‍മാണത്തിനായി ട്രംപ് ഭരണകൂടം ഫെഡറല്‍ രജിസ്ട്രിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ ഡാറ്റ പ്രകാരം, അംഗീകൃത എച്ച് 1 ബി അപേക്ഷകളില്‍ 71 ശതമാനവും ഇന്ത്യക്കാരാണ്. എച്ച് 1 ബി നോണ്‍ ഇമിഗ്രന്റ് വിസ പ്രോഗ്രാം നിലവില്‍ യു.എസില്‍ ഏറ്റവും ദുരുപയോഗം ചെയ്യപ്പെടുന്ന വിസ സംവിധാനങ്ങളില്‍ ഒന്നാണെന്ന് വൈറ്റ് ഹൗസ് സ്റ്റാഫ് സെക്രട്ടറി വില്‍ ഷാര്‍ഫ് അഭിപ്രായപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.