'പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് പരിപാടിക്കെത്താന്‍ മനപൂര്‍വം വൈകി; റോഡിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങി'; വിജയിക്കെതിരെ എഫ്ഐആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍

'പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് പരിപാടിക്കെത്താന്‍ മനപൂര്‍വം വൈകി; റോഡിലിറങ്ങി സ്വീകരണം ഏറ്റുവാങ്ങി'; വിജയിക്കെതിരെ എഫ്ഐആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍

ചെന്നൈ: കരൂരില്‍ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയിനെതിരായ എഫ്‌ഐആറില്‍ ഗുരുതര പരാമര്‍ശങ്ങള്‍.

സമയപരിധി നിശ്ചയിച്ചാണ് പരിപാടിക്ക് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ അധികം ആളുകള്‍ എത്താനായി കരൂരിലേക്കുള്ള വരവ് വിജയ് നാല് മണിക്കൂറോളം വൈകിപ്പിച്ചു. അനുവാദമില്ലാതെ റോഡ് ഷോ നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു.

അനുമതിയില്ലാതെ പലയിടത്തും വിജയ് റോഡില്‍ ഇറങ്ങി സ്വീകരണം ഏറ്റുവാങ്ങിയാണ് സ്ഥലത്തെത്തിയത്. ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് തമിഴക വെട്രി കഴകം സംസ്ഥാന ഭാരവാഹികള്‍ക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് പാലിക്കാന്‍ കൂട്ടാക്കിയില്ല.

ആള്‍ക്കൂട്ടം മണിക്കൂറുകളായി കാത്തിരിക്കുന്നു. ഇനിയും അനിയന്ത്രിതമായി ആളുകളെത്തിച്ചേരുന്ന സ്ഥിതിയാണ്. അതിനാല്‍ പരിപാടി ഇനിയും വൈകരുതെന്ന് നിര്‍ദേശിച്ചു. അനുമതിയില്ലാതെ വിജയ് റോഡില്‍ ഇറങ്ങുന്നതും പ്രശ്നമാകുമെന്ന് അറിയിച്ചിരുന്നു. ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചതാണ് ഇത്രയേറെ മരണത്തിന് കാരണമായെന്നും എഫ്ഐആറില്‍ പറയുന്നു.

മാത്രമല്ല, വിജയ്‌യെ കാണാനെത്തിയവര്‍ ബലം കുറഞ്ഞ മരച്ചില്ലകളിലും വീടുകളുടെ സണ്‍ഷേഡുകളിലും കയറി നിന്നിരുന്നു. മരച്ചില്ല പൊട്ടി വീഴുന്ന അവസ്ഥ ഉണ്ടായതായും കൂടുതല്‍ ആളുകള്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് പിടിച്ചു കയറാന്‍ ശ്രമിച്ചതും അപകടകാരണമായി എന്നും പരാമര്‍ശമുണ്ട്. വിജയ്‌യെ കൂടാതെ എന്‍. ആനന്ദ്, സീതി നിര്‍മല്‍കുമാര്‍, മതിയഴകന്‍ എന്നിവരുടെ പേരുകളാണ് എഫ്ഐആറിലുളളത്.

അതേസമയം ദുരന്തത്തില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഡിഎംകെ നേതാവും മുന്‍മന്ത്രിയുമായ സെന്തില്‍ ബാലാജി അടക്കമുള്ളവര്‍ ആസൂത്രണം ചെയ്തതാണ് ദുരന്തമെന്ന് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ടിവികെ ആരോപിച്ചു. ദുരന്തത്തില്‍ ഇതുവരെ 41 പേരാണ് മരിച്ചത്. നിരവധി പേര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

അതിനിടെ ദുരന്തമുണ്ടായ കരൂരിലേക്ക് പോകാന്‍ വിജയ് അനുമതി തേടിയെങ്കിലും പൊലീസ് നിഷേധിച്ചു. ഇതേ തുടര്‍ന്ന് കരൂരില്‍ പോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.