ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഉച്ചകഴിഞ്ഞ് ക്വറ്റയിലെ പാകിസ്ഥാന്‍ എഫ്സി (ഫ്രോണ്ടിയര്‍ കോണ്‍സ്റ്റാബുലറി) ആസ്ഥാനത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ശക്തമായ സ്‌ഫോടനത്തില്‍ മോഡല്‍ ടൗണിന്റെ ഭാഗത്തുള്ള വീടുകളുടേയും കെട്ടിടങ്ങളുടേയും ചില്ലുകള്‍ തകര്‍ന്നതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊലീസും സുരക്ഷാസേനയും സ്ഥലത്തെത്തി. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം റോഡില്‍ നിന്ന് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ക്വറ്റയിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) മുഹമ്മദ് ബലൂച് പറഞ്ഞു.
സ്‌ഫോടനത്തിന് ശേഷവും സമീപ പ്രദേശങ്ങളില്‍ വെടിയൊച്ചകള്‍ കേട്ടത് പരിസരവാസികളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട്. പ്രതികള്‍ക്കായി പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ സിറ്റിയിലെ ആശുപത്രികളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചെന്നും ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടതെന്നും ബലൂചിസ്ഥാന്‍ ആരോഗ്യ മന്ത്രി ബഖ്ത് മുഹമ്മദ് കക്കര്‍ അറിയിച്ചു. വെടിവെപ്പിലും സ്‌ഫോടനത്തിലുമായി രണ്ട് എഫ് സി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.