ബിൽക്കി: ഗ്രീക്ക് കത്തോലിക്കാ വൈദികനായിരുന്ന ഫാ. പീറ്റർ പോൾ ഓറോസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഉക്രെയ്നിലെ ബിൽക്കിയിൽ നടന്ന തിരുക്കർമ്മങ്ങൾക്ക് കർദിനാൾ ഗ്രെഗോർസ് റൈസ് മുഖ്യകാർമ്മികത്വം വഹിച്ചു.
1953-ൽ സോവിയറ്റ് ഭരണകൂടത്തിന്റെ പീഡനങ്ങളിൽ രഹസ്യമായി ശുശ്രൂഷ തുടർന്നതിനിടെയാണ് മുകച്ചേവോ രൂപതയിലെ വൈദികനായ ഫാ. പീറ്റർ കൊല്ലപ്പെട്ടത്. വിശ്വാസത്തിന് വേണ്ടി ജീവൻ സമർപ്പിച്ച രക്തസാക്ഷിയാണ് ഫാ. പീറ്റർ പോൾ.
ഉക്രെയ്ന്‍ ജനത യുദ്ധത്തിന്റെ ദുരന്തത്തിലൂടെ കടന്നു പോകുന്ന ഈ കാലഘട്ടത്തിൽ വിശ്വാസത്തിലും പ്രത്യാശയിലും ഉറച്ചു നിൽക്കാൻ ഫാ. പീറ്ററിന്റെ മധ്യസ്ഥത തേടി ലിയോ പാപ്പ പ്രാർത്ഥിച്ചു. 2022 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് ഫാ. ഓറോസിനെ രക്തസാക്ഷിയായി അംഗീകരിച്ചത്.
1917 ജൂലൈ 14 ന് ഹംഗറിയിലെ ബിരി ഗ്രാമത്തിലാണ് ഓറോസ് ജനിച്ചത്. രണ്ട് വയസുള്ളപ്പോൾ പിതാവിനെയും ഒൻപത് വയസിൽ മാതാവിനെയും നഷ്ടപ്പെട്ടു. 1942 ജൂൺ 18 ന് മുകച്ചേവോയിലെ ഗ്രീക്ക്-കത്തോലിക്കാ രൂപതയിൽ വൈദികനായി അഭിഷിക്തനായി.
1944 ൽ ഉക്രെയ്ന്‍ സോവിയറ്റ് യൂണിയനിലേക്ക് ചേർന്നതോടെ ഗ്രീക്ക് കത്തോലിക്കാ സഭ കഠിന പീഡനങ്ങളിൽപ്പെട്ടിരുന്നു. റഷ്യൻ ഓർത്തഡോക്‌സ് സഭയിലേക്ക് മാറണമെന്ന് ഭരണകൂടം സമ്മർദം ചെലുത്തിയെങ്കിലും മാർപാപ്പയോടുള്ള വിശ്വസ്തതയിൽ ഉറച്ചു നിന്നതിനാൽ ഫാ. പീറ്റർ അധികാരികളുടെ നോട്ടപ്പുള്ളിയായി.
1949-ൽ ഗ്രീക്ക് കത്തോലിക്കാ ദേവാലയങ്ങൾ എല്ലാം അടച്ചുപൂട്ടി സഭയെ നിയമവിരുദ്ധമാക്കി. എങ്കിലും രഹസ്യമായി ശുശ്രൂഷ തുടർന്ന ഫാ. പീറ്ററിനെതിരെ 1953-ൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ആ വർഷം ഓഗസ്റ്റ് 28-ന് പൊലീസുകാർ അദേഹത്തെ വെടിവച്ചു കൊന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.