കെയ്റോ: രണ്ട് വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് ഗാസ സമാധാനത്തിലേക്ക്. കെയ്റോയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസും ധാരണയിലെത്തി. സമാധാന കരാറിന്റെ ആദ്യ ഘട്ടം ഉടന്‍ നിലവില്‍ വരും. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കാനും ധാരണയായി.
ധാരണ പ്രകാരം ഇസ്രയേല്‍ സൈന്യം മേഖലയില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങും. യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ശക്തവും നിലനില്‍ക്കുന്നതും ശാശ്വതവുമായ സമാധാനത്തിലേക്കുള്ള ആദ്യ ചുവടുകളായി ഇസ്രയേല്‍ അവരുടെ സൈന്യത്തെ ഇരുകൂട്ടരും അംഗീകരിക്കുന്ന മേഖലയയിലേക്ക് പിന്‍വലിക്കും.

എല്ലാ കക്ഷികളോടും നീതിപൂര്‍വ്വം പെരുമാറും. ചരിത്രപരമായ കരാര്‍ യാഥാര്‍ഥ്യമാക്കാന്‍ സഹകരിച്ച ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി എന്നി രാജ്യങ്ങളില്‍ നിന്നുള്ള മധ്യസ്ഥര്‍ക്ക് നന്ദി പറയുന്നു. സമാധാന സ്ഥാപകര്‍ അനുഗ്രഹീതരാണെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
വെടിനിര്‍ത്തല്‍ എത്രയും വേഗം നടപ്പാക്കാനും ബന്ദികളുടെ മോചനം വേഗത്തിലാക്കാനും ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകന്‍ ജറീദ് കഷ്‌നര്‍ എന്നിവരടങ്ങിയ യുഎസ് സംഘം ഇന്ന് ഈജിപ്റ്റിലെത്തും. താന്‍ ഈ ആഴ്ച ഈജിപ്റ്റിലെത്തിയേക്കുമെന്ന് ട്രംപും സൂചിപ്പിച്ചു. സമാധാന കരാര്‍ ഒപ്പിടുന്നതിന് ട്രംപും സാക്ഷിയായേക്കും. 2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികമായ ചൊവ്വാഴ്ച മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച ട്രംപ്, യുദ്ധം ഉടന്‍ അവസാനിക്കുമെന്നും പശ്ചിമേഷ്യയില്‍ സമാധാനം പുലരുമെന്ന പ്രതീക്ഷയുണ്ടെന്നും പ്രതികരിച്ചിരുന്നു.

ചര്‍ച്ചയില്‍ ധാരണയിലെത്തിയതായി ഖത്തറും വ്യക്തമാക്കി. സമാധാനത്തിന് ധാരണയിലെത്തിയതിന് ട്രംപിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നന്ദി അറിയിച്ചു. സമാധാന കരാര്‍ സര്‍ക്കാരിന്റെ അംഗീകാരത്തിനായി ഉടന്‍ അവതരിപ്പിക്കുമെന്നും നെതന്യാഹു പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.