രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ഫ്രാൻസിൽ വീണ്ടും ലെകോർണു പ്രധാനമന്ത്രി

രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ഫ്രാൻസിൽ വീണ്ടും ലെകോർണു പ്രധാനമന്ത്രി

പാരീസ്: ദിവസങ്ങൾ നീണ്ടു നിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി സെബാസ്റ്റ്യൻ ലെകോർണുവിനെ വീണ്ടും നിയമിച്ചു. രാജിവെച്ച് നാല് ദിവസങ്ങൾക്ക് ശേഷമാണ് ലെകോർണു രണ്ടാം തവണ പ്രധാനമന്ത്രി പദവിയിൽ തിരിച്ചെത്തിയത്.

ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ ചർച്ചകൾക്കും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പാർട്ടി നേതാക്കളുമായുള്ള രണ്ടു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കും ശേഷമാണ് ഈ തീരുമാനം ഉണ്ടായത്.

ചുമതലയേറ്റ ശേഷം ലെകോർണു തന്റെ ദൗത്യം കടമയായി കാണുന്നുവെന്നും രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത പുനസ്ഥാപിക്കാനും മുൻഗണന നൽകുമെന്നും വ്യക്തമാക്കി. പുതിയ മന്ത്രിസഭയിൽ ചേരുന്നവർ 2027ലെ പ്രസിഡന്റ് സ്ഥാനമോഹങ്ങൾ മാറ്റിവെക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

2024 ജൂണിൽ പ്രസിഡന്റ് മാക്രോൺ പാർലമെന്റ് പിരിച്ചുവിട്ടതോടെയാണ് ഫ്രാൻസിൽ രാഷ്ട്രീയ പ്രതിസന്ധി ശക്തമായത്. ഫലമായി പാർലമെന്റിൽ ആരും ഭൂരിപക്ഷം നേടാനായില്ല. ഭൂരിപക്ഷം ഇല്ലാത്തതിനെ തുടർന്ന് രാജ്യത്തിന്റെ കടബാധ്യത പരിഹരിക്കാനുള്ള ബജറ്റ് പാസാക്കുവാൻ കഴിഞ്ഞില്ല.

അതേസമയം ചെലവുചുരുക്കലിന് നിർദേശിക്കപ്പെട്ട നടപടികൾ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. പൊതു കടം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ വർഷം അവസാനത്തോടെ പാർലമെന്റിൽ ബജറ്റ് അവതരിപ്പിച്ച് അംഗീകാരം നേടുക എന്ന അടിയന്തര ദൗത്യം ലെകോർണുവിനുണ്ട്. ഇത് ഫ്രാൻസിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് അത്യാവശ്യമാണ്.

ഫ്രാൻസിന്റെ രാഷ്ട്രീയ സ്തംഭനം മാറ്റാനും സാമ്പത്തിക ഞെരുക്കത്തിനും വർധിച്ചു വരുന്ന യൂറോപ്യൻ യൂണിയൻ ആശങ്കകൾക്കും ഇടയിൽ ഒരു ബജറ്റ് അവതരിപ്പിക്കാനും പ്രതീക്ഷിച്ചുകൊണ്ടാണ് രാജി വെച്ച് ദിവസങ്ങൾക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സെബാസ്റ്റ്യൻ ലെകോർണുവിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.