ഗാസ: ഇസ്രയേല്‍ സൈന്യം പിന്‍മാറിയതിന് പിന്നാലെ ഗാസയില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി. ഹമാസ് സുരക്ഷാ സേനയും ആയുധധാരികളായ ഗോത്ര അംഗങ്ങളും തമ്മില്‍ ഗാസ സിറ്റിയിലുണ്ടായ ഏറ്റുമുട്ടലില്‍ 27 പേര്‍ കൊല്ലപ്പെട്ടു.
ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന ശേഷം വലിയ രീതിയിലുള്ള സംഘര്‍ഷമാണ് ഗാസയിലുണ്ടാകുന്നത്. ഡഗ്മഷ് ഗോത്രത്തിലെ അംഗങ്ങളും ഹമാസ് സുരക്ഷാ സേനയും തമ്മിലാണ് വെടിവെപ്പുണ്ടായത്. ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപം വച്ചാണ് മുഖംമൂടി ധരിച്ച ഹമാസ് സൈനികര്‍ ഗോത്ര അംഗങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. തിരിച്ചും വെടിവെപ്പുണ്ടായി.
ആയുധധാരികളായ ഗോത്ര സംഘത്തെ പിടികൂടിയെന്നാണ് ഹമാസ് ആഭ്യന്തര മന്ത്രാലയ പ്രതിനിധി വിശദമാക്കിയതെന്ന് ബിബിസി അടക്കമുള്ള അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് സുരക്ഷാ സേനയിലെ എട്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ഹമാസ് വിശദമാക്കുന്നത്. ഡഗ്മഷ് ഗോത്രത്തിലെ 19 പേര്‍ കൊല്ലപ്പെട്ടതായാണ് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.
തെക്കന്‍ ഗാസാ സിറ്റിയിലെ ടെല്‍ അല്‍ ഹവാ മേഖലയില്‍ വച്ചാണ് വെടിവയ്പുണ്ടായത്. ഡഗ്മഷ് ഗോത്രത്തിലുള്ളവരുടെ അധീനതയിലുള്ള ജനവാസ മേഖലയിലേക്ക് മൂന്നൂറിലേറെ ഹമാസ് സുരക്ഷാ സേനാംഗങ്ങള്‍ ഇരച്ചെത്തിയെന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇസ്രയേല്‍ ആക്രമണത്തില്‍ സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് പോകേണ്ടി വന്ന നിരവധി പേര്‍ ഈ മേഖലയിലുണ്ടായിരുന്നു. ഇത്തവണ ഇസ്രയേല്‍ ആക്രമണത്തില്‍ നിന്നല്ല രക്ഷപ്പെടേണ്ടി വരുന്നത് മറിച്ച്, സ്വന്തം ആളുകളുടെ ആക്രമണത്തില്‍ നിന്നാണെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ ബിബിസിയോട് പ്രതികരിച്ചു.
ഗാസയിലെ ശക്തമായ ഗോത്രങ്ങളിലൊന്നാണ് ഡഗ്മഷ് ഗോത്രം. ഇവരുമായി ഹമാസിന് ഏറെക്കാലത്തെ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ആയുധധാരികളായ ഗോത്ര അംഗങ്ങളുമായി നേരത്തെയും പല തവണ ഹമാസ് സുരക്ഷാ സേന ഏറ്റുമുട്ടിയിട്ടുണ്ട്. ഭരണം പൂനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കിടയിലുണ്ടായ അക്രമം ആയാണ് സംഭവത്തേക്കുറിച്ച് ഹമാസ് ആഭ്യന്തര മന്ത്രാലയം പ്രതികരിക്കുന്നത്.
എന്നാല്‍ ജോര്‍ദാനിയന്‍ ആശുപത്രിയായി മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലായിരുന്നു ഡഗ്മഷ് ഗോത്രാംഗങ്ങള്‍ അഭയം തേടിയിരുന്നതെന്നും ഇവിടേക്ക് ഹമാസ് ആക്രമണം നടന്നുവെന്നുമാണ് ഡഗ്മഷ് ഗോത്രം ആരോപിക്കുന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ അല്‍ സബ്ര മേഖലയിലെ ഗോത്രാംഗങ്ങളുടെ താമസ സ്ഥലങ്ങള്‍ പൂര്‍ണമായി തകര്‍ന്നതോടെയാണ് മുന്‍ ആശുപത്രി കെട്ടിടത്തില്‍ അഭയം തേടിയതെന്നാണ് ഡഗ്മഷ് ഗോത്രം വിശദമാക്കുന്നത്.
പുതിയ താവളം രൂപീകരിക്കാനായി ഗോത്രാംഗങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ഗോത്രത്തിലെ മുതിര്‍ന്നവര്‍ ആരോപിച്ചു. ഇസ്രയേല്‍ സേന പിന്മാറ്റം തുടങ്ങിയതിന് പിന്നാലെ 7000 ത്തിലേറെ സൈനികരെയാണ് ഹമാസ് അധികാര പുനസ്ഥാപിക്കലിനായി ഗാസയില്‍ വിന്യസിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.