ഇസ്താംബൂള്‍: തുര്‍ക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ രണ്ടാംഘട്ട സമാധാന ചര്‍ച്ച വിജയിച്ചില്ല. ചര്‍ച്ചയ്ക്ക് പിന്നാലെ ഇരുരാജ്യങ്ങളുടെയും വക്താക്കള്‍ പരസ്പരം പഴിചാരി രംഗത്തെത്തുകയും ചെയ്തു.
പാക്-അഫ്ഗാന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഖത്തറും തുര്‍ക്കിയും ഇടപെട്ട് മധ്യസ്ഥശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബര്‍ 19 ന് ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചിരുന്നു.
തുടര്‍ന്നുള്ള രണ്ടാം ഘട്ട ചര്‍ച്ചയാണ് ഇസ്താംബൂളില്‍ നടന്നത്. എന്നാല്‍ ഈ ചര്‍ച്ചപരാജയപ്പെടുകയും പിന്നാലെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും പരസ്പരം കുറ്റപ്പെടുത്തി രംഗത്തെത്തുകയും ചെയ്തു.
'പാകിസ്ഥാനി താലിബാന്‍' എന്നറിയപ്പെടുന്ന ഭീകര സംഘടനയായ തെഹ്രീകെ താലിബാന്‍ പാകിസ്ഥാനെ(ടിടിപി) നിയന്ത്രിക്കാന്‍ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം തയ്യാറല്ലെന്നായിരുന്നു പാക് സുരക്ഷാ വക്താവിന്റെ പ്രതികരണം. പാകിസ്ഥാനി താലിബാനെ ചൊല്ലിയാണ് ചര്‍ച്ചകള്‍ വഴിമുട്ടിയതെന്ന് അഫ്ഗാനിലെ താലിബാന്‍ വക്താക്കളും വ്യക്തമാക്കി.
ഇസ്താംബൂളില്‍ നടന്ന ചര്‍ച്ചയില്‍ താലിബാന്‍ സഹകരണം വാഗ്ദാനം ചെയ്തെങ്കിലും രേഖാമൂലമുള്ള ഉറപ്പ് വേണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. പാകിസ്ഥാനി താലിബാന്‍ പാകിസ്ഥാന്റെ ആഭ്യന്തര സുരക്ഷാ വിഷയമാണെന്നായിരുന്നു താലിബാന്റെ നിലപാട്.
അഫ്ഗാന്‍ മണ്ണ് ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നില്ലെന്നും പാകിസ്ഥാന്റെ യുക്തി രഹിതമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും താലിബാന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. യു.എസ് ഡ്രോണുകള്‍ പാകിസ്ഥാനില്‍ നിന്ന് തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കരുതെന്ന ആവശ്യവും താലിബാന്‍ മുന്നോട്ടു വെച്ചു. എന്നാല്‍ ഇക്കാര്യവും പാകിസ്ഥാന്‍ അംഗീകരിച്ചില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, സുരക്ഷാ പ്രശ്നങ്ങളില്‍ കരാറില്ലെങ്കില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ഭീകരര്‍ക്ക് നേരേ ആക്രമണം തുടരുമെന്നായിരുന്നു പാകിസ്ഥാന്‍ പ്രതിനിധി സംഘം ചര്‍ച്ചയില്‍ പറഞ്ഞത്. ഇതോടെയാണ് ചര്‍ച്ച തീരുമാനമാകാതെ അവസാനിച്ചതെന്നും അതേസമയം, മധ്യസ്ഥത വഹിക്കുന്ന തുര്‍ക്കിയും ഖത്തറും പ്രശ്നം പരിഹരിക്കാനുള്ള വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇസ്താംബൂളിലെ ചര്‍ച്ച പരാജയപ്പെട്ടത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുണ്ടാക്കിയ വെടിനിര്‍ത്തല്‍ ധാരണയെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.