വിഴിഞ്ഞത്തിന് മുന്നില്‍ കൊച്ചിന്‍ പോര്‍ട്ട് താഴില്ല! ഇനി വല്ലാര്‍പാടത്തിന്റെ മുഖഛായ മാറും; ഡിപി വേള്‍ഡും കൊച്ചിന്‍ പോര്‍ട്ടും തമ്മില്‍ സുപ്രധാന കരാര്‍

വിഴിഞ്ഞത്തിന് മുന്നില്‍ കൊച്ചിന്‍ പോര്‍ട്ട് താഴില്ല! ഇനി വല്ലാര്‍പാടത്തിന്റെ മുഖഛായ മാറും; ഡിപി വേള്‍ഡും കൊച്ചിന്‍ പോര്‍ട്ടും തമ്മില്‍ സുപ്രധാന കരാര്‍

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വന്നതോടെ പ്രാധാന്യം നഷ്ടപ്പെട്ട വല്ലാര്‍പാടം തുറമുഖത്തെ ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കാന്‍ സുപ്രധാന നീക്കം. ഇതിന്റെ ഭാഗമായി കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയും ഡിപി വേള്‍ഡും തമ്മില്‍ കരാറില്‍ ഒപ്പുവച്ചു. മുംബൈയില്‍ നടന്ന മാരിടൈം വീക്കില്‍ വച്ചാണ് കരാറില്‍ ഒപ്പുവച്ചത്.

കൊച്ചി തുറമുഖത്തെ കാര്‍ഗോ ഹാന്‍ഡിലിങ് സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് കരാര്‍.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക പിന്തുണയോടെ ഭാവി ആവശ്യങ്ങള്‍ കൂടി കണ്ടറിഞ്ഞുള്ള ടെര്‍മിനല്‍ വിപുലീകരണമാണ് ലക്ഷ്യമിടുന്നത്. വലിയ കപ്പലുകള്‍ക്ക് കൂടി അടുക്കാവുന്ന തരത്തിലേക്ക് വല്ലാര്‍പാടത്തെ മാറ്റുകയാണ് ലക്ഷ്യം.

കൊച്ചി തുറമുഖത്തിലേക്കുള്ള കപ്പല്‍ ചാലിന്റെ ആഴം നിലവിലെ 14.5 മീറ്ററില്‍ നിന്ന് 16 മീറ്ററിലേക്ക് ഉയര്‍ത്താനുള്ള കരാറിലും മാരിടൈം വീക്കിനിടെ ഒപ്പിട്ടിരുന്നു. 600-700 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. രണ്ട് വര്‍ഷം മുമ്പ് സമര്‍പ്പിക്കപ്പെട്ടിരുന്ന പദ്ധതി വിഴിഞ്ഞം യാഥാര്‍ത്ഥ്യമായതോടെയാണ് ജീവന്‍ വച്ചത്.

കപ്പല്‍ ചാലിന്റെ ആഴം വര്‍ധിപ്പിക്കുന്നതിനൊപ്പം ഇത് പരിപാലിക്കാന്‍ പ്രതിവര്‍ഷം 25-30 കോടി രൂപ ചെലവഴിക്കേണ്ടി വരും. വല്ലാര്‍പാടം തുറമുഖത്തിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി, ഡ്രെഡ്ജിങ് ചെലവുകള്‍ ഇപ്പോഴത്തെ 156 കോടി രൂപയില്‍ നിന്ന് 200 കോടിയായി വര്‍ധിക്കാന്‍ ഇത് ഇടയാക്കും. ആഴം കൂട്ടുന്നതിന് ആവശ്യമായ 700 കോടിയോളം രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കും.

വലിയ കപ്പലുകളുടെ നങ്കൂരമിടല്‍ പ്രാപ്തമാക്കുന്ന രീതിയില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നത് കൊച്ചിയുടെ ലോജിസ്റ്റിക് സാധ്യതകള്‍ക്കും ഗുണം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.