ലക്ഷ്യം വോട്ടല്ലെന്ന് അവകാശവാദം: സംസ്ഥാനത്തെ മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കാനൊരുങ്ങി ബിജെപി

ലക്ഷ്യം വോട്ടല്ലെന്ന് അവകാശവാദം: സംസ്ഥാനത്തെ  മുസ്ലീം വീടുകള്‍ സന്ദര്‍ശിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: മുസ്ലീം സമുദായത്തോട് അടുപ്പം സ്ഥാപിക്കാനുള്ള നീക്കവുമായി ബിജെപി സംസ്ഥാന ഘടകം. ഇതിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ മുസ്ലീം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങുകയാണ് പാര്‍ട്ടി.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ ഒരു മുസ്ലീം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ന്യൂനപക്ഷങ്ങളെ ചേര്‍ത്തു നിറുത്തുകയാണ് ലക്ഷ്യമെന്നും വോട്ടുപിടിക്കാന്‍ വേണ്ടിയല്ല ഇതെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ പറയുന്നത്. എല്ലാ മുസ്ലീം വീടുകളിലും സന്ദര്‍ശനം നടത്തും.

ബിജെപി സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം എല്ലായിടത്തും നല്‍കും. സിപിഎമ്മും കോണ്‍ഗ്രസും ന്യൂനപക്ഷങ്ങളില്‍ വിഷം കുത്തി വയ്ക്കുകയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വോട്ട് ലക്ഷ്യമിട്ടല്ല മുസ്ലീം സമുദായത്തോട് അടുക്കാന്‍ ശ്രമിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറയുന്നുണ്ടെങ്കിലും വോട്ടുതന്നെയാണ് ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ക്രൈസ്തവ സമുദായവുമായി ബിജെപിക്ക് നല്ല ബന്ധമാണ്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും വോട്ടുനില ഉയര്‍ത്താന്‍ ബിജെപിയെ ക്രൈസ്തവ ബന്ധം സഹായിച്ചിട്ടുണ്ടെന്നും പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ സമ്മതിക്കുന്നുണ്ട്. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിനും ക്രൈസ്തവ വോട്ടുകള്‍ ചെറുതല്ലാത്ത സഹായമാണ് ചെയ്തത്.

ഈസ്റ്ററിന് മുന്നോടിയായി സ്‌നേഹയാത്ര എന്ന പേരില്‍ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിച്ചാണ് സമുദായത്തോട് ബിജെപി അടുത്തു തുടങ്ങിയത്. ബൂത്തുതലം വരെയുള്ള നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും യേശു ക്രിസ്തുവിന്റെ ചിത്രങ്ങളുള്ള ആശംസാ കാര്‍ഡുകള്‍ കൈമാറുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.