ഹമാസിനെ നിരായുധീകരിക്കും; ഗാസ സൈനിക മുക്തമാക്കും: നെതന്യാഹു

ഹമാസിനെ നിരായുധീകരിക്കും; ഗാസ സൈനിക മുക്തമാക്കും: നെതന്യാഹു

ജറുസലേം: ഭീകര സംഘടനയായ ഹമാസിനെ ഏതുവിധേനയും നിരായുധീകരിക്കുമെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അനായാസമോ, കഠിനമായതോ ആയ മാര്‍ഗത്തിലൂടെ ആത് സാധ്യമാക്കും. ഗാസയെ സൈനിക മുക്തമാക്കുമെന്നും പ്രതിവാര മന്ത്രിസഭാ യോഗത്തില്‍ നെതന്യാഹു പറഞ്ഞു.

യുദ്ധാനന്തര പുനര്‍നിര്‍മാണം, സാമ്പത്തിക വീണ്ടെടുപ്പ് തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഗാസയില്‍ സമാധാന ബോര്‍ഡ് സ്ഥാപിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയെ അംഗീകരിക്കുന്ന യു.എന്‍ സുരക്ഷാ സമിതി പ്രമേയത്തിന്റെ വോട്ടെടുപ്പിന് ഒരു ദിവസം മുന്‍പാണ് നെതന്യാഹുവിന്റെ പ്രസ്താവന.

ഇരുപതിന പദ്ധതിയിലായാലും മറ്റെന്തിലായാലും ഈ പ്രദേശം സൈനികമുക്തമാക്കും, ഹമാസിനെ നിരായുധരാക്കും. ഇതാണ് താന്‍ പറഞ്ഞത്. അതു തന്നെയാണ് പ്രസിഡന്റ് ട്രംപും പറഞ്ഞതെന്നും നെതന്യാഹു വ്യക്തമാക്കി.

വെടിനിര്‍ത്തലിനായുള്ള ട്രംപിന്റെ ഇരുപതിന പദ്ധതി ഗാസയെ സൈനികമുക്തമാക്കാനും ഹമാസ് നിരായുധരാകുമെന്ന് ഉറപ്പു നല്‍കാനും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ വ്യവസ്ഥ ഹമാസ് ഇതുവരെ അംഗീകരിച്ചിട്ടില്ല. ജോര്‍ദാന്‍ നദിക്ക് പടിഞ്ഞാറ് എവിടെയും പാലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനോടുള്ള ഇസ്രയേലിന്റെ എതിര്‍പ്പിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നും നെതന്യാഹു പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങള്‍ പാലസ്തീന്‍ രാഷ്ട്രത്തിന് അംഗീകാരം നല്‍കിയതിനോട് പ്രതികരിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് തീവ്ര വലതുപക്ഷ ധനമന്ത്രി ബെസാലേല്‍ സ്‌മോട്രിച്ച് ഉള്‍പ്പെടെയുള്ള സഖ്യകക്ഷി അംഗങ്ങളില്‍ നിന്ന് നെതന്യാഹുവിന് വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

ഇതിനുള്ള മറുപടിയായാണ് പാലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിലുള്ള എതിര്‍പ്പിനെക്കുറിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി മന്ത്രിസഭാ യോഗത്തില്‍ ആവര്‍ത്തിച്ചത്. മറ്റ് മന്ത്രിമാരും പലസ്തീന്‍ രാഷ്ട്ര പദവിയോടുള്ള തങ്ങളുടെ എതിര്‍പ്പ് പ്രകടിപ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.