കട്ടപ്പന: ഉടുമ്പന്‍ചോല നിയമസഭാ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ കട്ടപ്പന നഗരസഭയിലും മുന്‍ എംഎല്‍എയും ഇടുക്കിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഇ.എം അഗസ്തിക്ക് തോല്‍വി.
മൂന്ന് തവണ എംഎല്‍എ, ജില്ലാ ബാങ്ക് പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ഇ.എം. അഗസ്തി ജനവിധി തേടുന്നു എന്നതിനാല്‍ ഏറെ ശ്രദ്ധേയമായ മത്സരം നടക്കുന്ന ഒന്നായി കട്ടപ്പന നഗരസഭ മാറിയിരുന്നു. 22-ാം വാര്‍ഡ് ഇരുപതേക്കറിലാണ് അഗസ്തി മത്സരിച്ചത്. ഇടതുപക്ഷ സ്ഥാനാര്‍ഥി സി.ആര്‍. മുരളി 60 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാര്‍ഡ് പിടിച്ചെടുത്തത്.
നഗരസഭയായതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പുകളിലും യുഡിഎഫിനായിരുന്നു കട്ടപ്പനയില്‍ വിജയം. ഇത്തവണ യുഡിഎഫിനുള്ളിലെ ഗ്രൂപ്പ് പോര് മുതലെടുത്ത് ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന അഗസ്തി എല്‍ഡിഎഫിന്റെ എം.എം. മണിയോട് പരാജയപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ കേരളം ഒന്നാകെ ചര്‍ച്ച ചെയ്ത മണ്ഡലങ്ങളിലൊന്നായിരുന്നു ഉടുമ്പന്‍ചോല.
മുന്‍ വൈദ്യുതി വകുപ്പ് മന്ത്രികൂടിയായ എം.എം. മണിയായിരുന്നു ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പ്രതിരോധിക്കാന്‍ മുതിര്‍ന്ന നേതാവ് ഇ.എം. അഗസ്തിയെ കോണ്‍ഗ്രസ് കളത്തിലിറക്കി. 20,000 ത്തിന് മുകളില്‍ ഭൂരിപക്ഷം നേടി എം.എം മണി വിജയിക്കുമെന്ന ഒരു സര്‍വേയുണ്ടായിരുന്നു. പോരാട്ടം കടുത്തപ്പോള്‍ ആവേശം കൂട്ടി മണി ജയിച്ചാല്‍ തല മൊട്ടയടിക്കുമെന്നായിരുന്നു അഗസ്തിയുടെ ചലഞ്ച്.
തിരഞ്ഞെടുപ്പില്‍ 30,000 ത്തില്‍ പരം വോട്ടുകള്‍ക്ക് എം.എം മണി ജയിച്ചു. പിന്നാലെ അഗസ്തി തല മൊട്ടയടിച്ചു. തിരഞ്ഞെടുപ്പിനെ ഒരു മത്സരമായി കണ്ടാല്‍ മതിയെന്നും അഗസ്തി മൊട്ടയടിക്കാന്‍ മുതിരരുതെന്നും എം.എം. മണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാക്കുകള്‍ പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ട് വേളാങ്കണ്ണിയിലെത്തി അഗസ്തി തല മൊട്ടയടിക്കുകയുമായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.