കത്തോലിക്കാ സഭയുടെ ചരിത്രവഴികളിലെ പ്രകാശകിരണങ്ങൾ; 2025 ൽ ലോകം ഉറ്റുനോക്കിയ പ്രമുഖർ

കത്തോലിക്കാ സഭയുടെ ചരിത്രവഴികളിലെ പ്രകാശകിരണങ്ങൾ; 2025 ൽ ലോകം ഉറ്റുനോക്കിയ പ്രമുഖർ

വത്തിക്കാൻ സിറ്റി: പ്രത്യാശയുടെ വലിയ സന്ദേശങ്ങളുമായി കടന്നുവന്ന 2025 എന്ന ജൂബിലി വർഷം വിടപറയുമ്പോൾ ആഗോള കത്തോലിക്കാ സഭയുടെ ചരിത്രതാളുകളിൽ ഈ വർഷം അടയാളപ്പെടുത്തപ്പെടുക വലിയ മാറ്റങ്ങളുടെയും വിസ്മയങ്ങളുടെയും കാലഘട്ടമെന്ന നിലയിലാകും. ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം മുതൽ ആധുനിക കാലത്തെ ആദ്യ 'മില്ലെനിയൽ' വിശുദ്ധന്റെ പ്രഖ്യാപനം വരെ വിശ്വാസലോകത്തെ അമ്പരപ്പിച്ച നിരവധി സംഭവങ്ങൾക്കാണ് 2025 സാക്ഷ്യം വഹിച്ചത്.

2025 ല്‍ വാര്‍ത്തകളില്‍ ഇടം നേടിയ പ്രമുഖരായ ക്രൈസ്തവ നേതാക്കൾ

1. ഫ്രാൻസിസ് മാർപാപ്പ (1936 – 2025): ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളുടെ പ്രിയപ്പെട്ട ഇടയൻ ഫ്രാൻസിസ് പാപ്പ 2025 ഏപ്രിൽ 21ന് (ഈസ്റ്റർ തിങ്കൾ) തന്റെ 88-ാം വയസിൽ നിത്യതയിലേക്ക് യാത്രയായി. ആഗോള കത്തോലിക്കാ സഭയുടെ 266-ാമത് മാർപാപ്പയായ അദേഹം കൊട്ടാരക്കെട്ടുകൾക്കുള്ളിലല്ല മറിച്ച് ജനങ്ങൾക്കിടയിലാണ് ക്രിസ്തുവിനെ കണ്ടത്.

2025 ലെ 'പ്രത്യാശയുടെ ജൂബിലി വർഷം' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് സഭയ്ക്ക് പുതിയൊരു ദിശാബോധം നൽകിയ ശേഷമായിരുന്നു ആ വലിയ ഇടയന്റെ വിയോഗം. ദരിദ്രരോടുള്ള അചഞ്ചലമായ കരുണയും ലളിതമായ അജപാലന ശൈലിയും ഫ്രാൻസിസ് പാപ്പയെ ചരിത്രത്തിലെ വേറിട്ട വ്യക്തിത്വമാക്കി മാറ്റി.

2. ലിയോ പതിനാലമൻ മാർപാപ്പ (കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്): സഭയുടെ ചരിത്രത്തിലാദ്യമായി ഒരു അമേരിക്കൻ പൗരൻ പത്രോസിന്റെ സിംഹാസനത്തിലേക്ക്. 2025 മെയ് എട്ടിനാണ് കർദിനാൾ റോബർട്ട് പ്രെവോസ്റ്റ് 'ലിയോ പതിനാലമൻ' എന്ന പേരിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്.

പതിറ്റാണ്ടുകളോളം പെറുവിലെ മിഷനറി മേഖലകളിൽ സേവനമനുഷ്ഠിച്ച അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് സഭയ്ക്ക് പുതിയൊരു ഊർജമാണ്. ഫ്രാൻസിസ് പാപ്പ വിഭാവനം ചെയ്ത 'ദരിദ്രരുടെ സഭ' എന്ന ആശയത്തെ മുറുകെപ്പിടിക്കുമ്പോഴും സങ്കീർണമായ പ്രശ്നങ്ങളെ സ്വതസിദ്ധമായ ലാളിത്യത്തോടെ സമീപിക്കുന്ന ലിയോ പാപ്പയെ ലോകം വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

3, വിശുദ്ധ കാർലോ അക്യൂട്ടിസ്: സെപ്റ്റംബർ ഏഴിന് ലോകം സാക്ഷ്യം വഹിച്ചത് ഒരു ചരിത്ര നിമിഷത്തിനാണ്. ജീൻസും ടീഷർട്ടും ധരിച്ച് ലാപ്ടോപ്പിലൂടെ സുവിശേഷം പ്രസംഗിച്ച 'ദൈവത്തിന്റെ ഇൻഫ്ലുവൻസർ' കാർലോ അക്യൂട്ടിസിനെ ലിയോ 14-ാമൻ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. മില്ലെനിയൽ തലമുറയിലെ ആദ്യ വിശുദ്ധനായി കാർലോ മാറി.

4. കർദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല: യുദ്ധം തകർത്ത ഗാസയുടെയും ഇസ്രായേലിന്റെയും തെരുവുകളിൽ ക്രിസ്തുവിന്റെ ശാന്തിദൂതുമായി 2025 ൽ കർദിനാൾ പിസബല്ല നിറഞ്ഞുനിന്നു. ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസായ അദേഹം ലോകത്തെ ഞെട്ടിച്ചത് തന്റെ അസാധാരണമായ ഒരു പ്രഖ്യാപനത്തിലൂടെയായിരുന്നു- ഹമാസ് ബന്ധിയാക്കിയ കുഞ്ഞുങ്ങളുടെ മോചനത്തിനായി സ്വയം ബന്ദിയാകാൻ കർദിനാൾ തയ്യാറായി.

ഈ വലിയ ത്യാഗസന്നദ്ധത അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ചർച്ചയായി. സംഘർഷഭരിതമായ ഗാസയിലെ ഏക കത്തോലിക്കാ ഇടവകയിൽ നേരിട്ടെത്തി വിശ്വാസികൾക്ക് ധൈര്യം പകർന്ന കർദിനാൾ തകർക്കപ്പെട്ട ഹൃദയങ്ങളെ സ്നേഹം കൊണ്ട് മാത്രമേ പടുത്തുയർത്താൻ കഴിയൂ എന്ന് ലോകത്തെ ഓർമ്മിപ്പിച്ചു.

5. ബിഷപ്പ് മാർക്ക് സെയ്റ്റ്‌സ്: അമേരിക്ക-മെക്സിക്കോ അതിർത്തിയിലെ എൽ പാസോ രൂപതയുടെ ബിഷപ്പായ മാർക്ക് സെയ്റ്റ്‌സ് കുടിയേറ്റക്കാരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ആധുനിക ലോകത്തെ കരുത്തുറ്റ ശബ്ദമാണ്. കുടിയേറ്റക്കാരെ രാഷ്ട്രീയ വിഷയമായല്ല മറിച്ച് ക്രിസ്തുവിന്റെ പ്രതിരൂപങ്ങളായാണ് അദേഹം കാണുന്നത്.

2025 ഒക്ടോബറിൽ 'പാക്സ് ക്രിസ്റ്റി ഇന്റർനാഷണൽ സമാധാന പുരസ്‌കാരം' ലഭിച്ചത് ഈ പോരാട്ടങ്ങൾക്കുള്ള ആഗോള അംഗീകാരമായി. ഒക്ടോബറിൽ ലിയോ പതിനാലാമൻ മാർപാപ്പയെ നേരിൽ കണ്ട ബിഷപ്പ് നാടുകടത്തൽ ഭീഷണി നേരിടുന്ന കുടിയേറ്റ കുടുംബങ്ങളുടെ സങ്കടഹർജികൾ പാപ്പയ്ക്ക് കൈമാറിയത് ലോകശ്രദ്ധ നേടിയിരുന്നു. "അതിർത്തികൾ മനുഷ്യരെ വേർതിരിക്കാനുള്ളതല്ല, മറിച്ച് സ്നേഹത്താൽ ഒന്നിപ്പിക്കാനുള്ളതാണ്" എന്ന ആഹ്വാനം ഇന്നും മുഴങ്ങിക്കേൾക്കുന്നു.

6. ചാർളി കിർക്ക് (1993 - 2025): അമേരിക്കൻ യുവത്വത്തിനിടയിൽ കത്തോലിക്കാ മൂല്യങ്ങളുടെയും യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെയും അഗ്നി പടർത്തിയ ചാർളി കിർക്കിന്റെ അപ്രതീക്ഷിത വിയോഗം 202 -ലെ ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു. 'ടേണിങ് പോയിന്റ് യുഎസ്എ' എന്ന സംഘടനയിലൂടെ ലക്ഷക്കണക്കിന് യുവാക്കളെ സ്വാധീനിച്ച ചാർ‌ളി സെപ്റ്റംബറിൽ യൂട്ടാ വാലി സർവകലാശാലയിലെ പ്രസംഗവേദിയിൽ വെച്ചാണ് വെടിയേറ്റു മരിച്ചത്.

അദേഹത്തിന്റെ മരണം വലിയൊരു ശൂന്യത സൃഷ്ടിച്ചപ്പോഴും ലോകത്തെ വിസ്മയിപ്പിച്ചത് ഭാര്യ എറിക്ക കിർക്കിന്റെ നിലപാടായിരുന്നു. തന്റെ ഭർത്താവിനെ വെടിവെച്ച കൊലപാതകിക്ക് ക്രിസ്തീയ സ്നേഹത്തോടെ മാപ്പ് നൽകിയ എറിക്കയുടെ നടപടി പ്രതികാരത്തേക്കാൾ വലുതാണ് ക്ഷമയെന്ന സുവിശേഷ സത്യത്തിന് സാക്ഷ്യമായി. ഈ മഹാമനസ്കത അനേകം യുവജനങ്ങളെ കത്തോലിക്കാ വിശ്വാസത്തിലേക്കും സഭയിലേക്കും മടങ്ങിവരാൻ പ്രേരിപ്പിച്ചു.

7. മൈക്കൽ ഇസ്‌കന്ദർ: പ്രശസ്തമായ ‘ഹൗസ് ഓഫ് ഡേവിഡ്’ (House of David) എന്ന പരമ്പരയിൽ ദാവീദ് രാജാവായി വേഷമിട്ട മൈക്കൽ ഇസ്‌കന്ദറിന്റെ വിശ്വാസമാറ്റം 2025 ലെ സിനിമാ ലോകത്തെയും ക്രൈസ്തവ സമൂഹത്തെയും ഒരുപോലെ വിസ്മയിപ്പിച്ചു. ഈജിപ്ഷ്യൻ കോപ്റ്റിക് ഓർത്തഡോക്സ് വിശ്വാസിയായിരുന്ന മൈക്കൽ 2025 ഓഗസ്റ്റിലാണ് താൻ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചതായി പ്രഖ്യാപിച്ചത്.

ദാവീദ് രാജാവിന്റെ വേഷം ചെയ്യാൻ നടത്തിയ തയാറെടുപ്പുകൾ തന്റെ ഉള്ളിലെ ആത്മീയതയെ ഉണർത്തിയെന്ന് അദേഹം സാക്ഷ്യപ്പെടുത്തുന്നു. മാൻഹട്ടനിലെ സെന്റ് പാട്രിക്സ് കത്തീഡ്രലിൽ നടത്തിയ ഒരു സന്ദർശനത്തിനിടെയുണ്ടായ അവിസ്മരണീയമായ ആത്മീയ അനുഭവമാണ് തന്നെ കത്തോലിക്കാ സഭയുടെ ഭാഗമാകാൻ പ്രേരിപ്പിച്ചതെന്ന് പറയുന്നു. തന്റെ സംഗീതത്തിലൂടെയും അഭിമുഖങ്ങളിലൂടെയും അദേഹം പങ്കുവയ്ക്കുന്ന ക്രിസ്തീയ സാക്ഷ്യങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് യുവജനങ്ങൾക്ക് പ്രചോദനമാണ്.

8, ആൻഡ്രിയ ബോസെല്ലി: അന്ധതയെ അതിജീവിച്ച് ലോകത്തിന്റെ ഹൃദയം കീഴടക്കിയ ആൻഡ്രിയ ബോസെല്ലി 2025 ലെ ജൂബിലി വർഷത്തിൽ വത്തിക്കാന്റെ ആത്മീയ ആവേശമായി മാറി. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന 'മനുഷ്യസാഹോദര്യത്തിന്റെ ലോക സമ്മേളന'ത്തിന് സമാപനം കുറിച്ചുകൊണ്ട് നടത്തിയ 'ഗ്രേസ് ഫോർ ദി വേൾഡ്' എന്ന സംഗീതവിരുന്ന് ചരിത്രത്തിലിടം പിടിച്ചു.

ബോസെല്ലിയുടെ സ്വരമാധുരിയിൽ വിരിഞ്ഞ സ്തുതിഗീതങ്ങൾ ലക്ഷക്കണക്കിന് വിശ്വാസികളെ ഭക്തിയുടെ ഉന്നതിയിലെത്തിച്ചു. ലിയോ പതിനാലാമൻ മാർപാപ്പ കാസ്റ്റൽ ഗാൻഡോൾഫോയിൽ 'ലൗഡാറ്റോ സി വില്ലേജ്' ഉദ്ഘാടനം ചെയ്തപ്പോഴും ബോസെല്ലിയുടെ സാന്നിധ്യം ആ ചടങ്ങിന് മാറ്റ് കൂട്ടി. സംഗീതത്തെ ദൈവത്തിലേക്കുള്ള വഴിയായി കാണുന്ന ആൻഡ്രിയയുടെ ജീവിതം ഇന്നും അനേകർക്ക് വലിയൊരു പ്രത്യാശയുടെ പ്രകാശമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.