തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങള്‍ കൂടുതല്‍ ശിശുസൗഹൃദപരമാക്കാന്‍ സുപ്രധാന പരിഷ്‌കാരങ്ങള്‍ വരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച കരട് റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിലൂടെ സ്‌കൂള്‍ അന്തരീക്ഷത്തില്‍ വലിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ച പ്രധാന പരിഷ്‌കാരങ്ങള്‍:
സ്‌കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കും
വിദ്യാര്‍ത്ഥികളുടെ ശാരീരിക ആരോഗ്യം കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി പാഠപുസ്തകങ്ങളുടെ ഭാരം കുറയ്ക്കാനും ആഴ്ചയില്‍ ചില ദിവസങ്ങള്‍ ബാഗ് രഹിത ദിനങ്ങളാക്കി മാറ്റാനും ആലോചനയുണ്ട്.
ഇനി 'ബാക്ക് ബെഞ്ചേഴ്‌സ്' ഇല്ല
ക്ലാസില്‍ പിന്നിലെ ബെഞ്ചിലിരിക്കുന്ന കുട്ടികള്‍ക്ക് പലപ്പോഴും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ല എന്ന പരാതിക്ക് പരിഹാരമായാണ് ഈ നിര്‍ദേശം.
എല്ലാവരും മുന്‍ നിരയില്‍: ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തില്‍ മാറ്റം വരുത്തി എല്ലാ കുട്ടികള്‍ക്കും ഒരുപോലെ പരിഗണന ഉറപ്പാക്കും.
ജനാധിപത്യപരമായ ഇരിപ്പിടങ്ങള്‍: 'ബാക്ക് ബെഞ്ചര്‍' എന്ന ലേബല്‍ കുട്ടികളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും അതിനാല്‍ ജനാധിപത്യപരമായ പഠന അന്തരീക്ഷം സൃഷ്ടിക്കാന്‍ പുതിയ ഇരിപ്പിട മാതൃകകള്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ജനുവരി 20 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം
അംഗീകാരം ലഭിച്ച കരട് റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അഭിപ്രായം ആരായുന്നതിനായി എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങള്‍ അറിയിക്കാം.
ലഭിക്കുന്ന നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ച് വരുന്ന അധ്യയന വര്‍ഷം തന്നെ ഈ മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. പൊതുസമൂഹത്തിന് ഇതില്‍ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവസരമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.