മനില: ലോകത്തിലെ ഏറ്റവും വലിയ കത്തോലിക്കാ വിശ്വാസ സംഗമങ്ങളിലൊന്നായ 'ബ്ലാക്ക് നസറീൻ' ഘോഷയാത്രയിൽ ദശലക്ഷങ്ങൾ അണിനിരന്നു. മനിലയിലെ തെരുവുകളെ ജനസമുദ്രമാക്കി മാറ്റിയ ചടങ്ങിൽ കുരിശുമേന്തി നിൽക്കുന്ന യേശുക്രിസ്തുവിന്റെ കറുത്ത മരത്തടിയിൽ കൊത്തിയെടുത്ത തിരുസ്വരൂപം ദർശിക്കാൻ നഗ്നപാദരായാണ് വിശ്വാസികൾ എത്തിയത്.
തങ്ങളുടെ പാപങ്ങളിൽ നിന്ന് മുക്തി നേടാനാണ് വിശ്വാസികൾ നഗ്നപാദരായി ഘോഷയാത്രയിൽ പങ്കുചേരുന്നത്. തിരുസ്വരൂപത്തിൽ സ്പർശിച്ച തൂവാലകൾക്ക് അത്ഭുത രോഗശാന്തി നൽകാൻ ശേഷിയുണ്ടെന്ന വിശ്വാസത്താൽ സ്വരൂപത്തിൽ സ്പർശിക്കാനായി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഘോഷയാത്ര സാൻ സെബാസ്റ്റ്യൻ പള്ളിക്ക് മുന്നിലെത്തുമ്പോൾ നടക്കുന്ന 'ദുങ്കാവ്' ചടങ്ങായിരുന്നു പ്രധാന ആകർഷണം. യേശു ക്രിസ്തുവും മാതാവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രതീകമായാണ് ഈ ചടങ്ങ് ആചരിക്കുന്നത്.
ലക്ഷക്കണക്കിന് ആളുകൾ ഒരേസമയം തെരുവിലിറങ്ങിയതോടെ മനില നഗരം കനത്ത സുരക്ഷാ വലയത്തിലായിരുന്നു. കിലോമീറ്ററുകളോളം നീണ്ട യാത്രയ്ക്കിടയിലുണ്ടായ കനത്ത തിരക്കിലും ചൂടിലും പെട്ട് എഴുന്നൂറിലധികം പേർക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി ഫിലിപ്പീൻ റെഡ്ക്രോസ് അറിയിച്ചു. ഇവർക്ക് സ്ഥലത്തുതന്നെ പ്രഥമശുശ്രൂഷയും വൈദ്യസഹായവും ലഭ്യമാക്കി.
മനിലയിലെ പ്രസിദ്ധമായ ക്വിയാപ്പോ ദേവാലയത്തിലാണ് ഈ തിരുസ്വരൂപം സ്ഥിരമായി സൂക്ഷിച്ചിരിക്കുന്നത്. ഫിലിപ്പീൻസിന്റെ ആത്മീയ ചരിത്രത്തിലെ ഏറ്റവും വലിയ ഈ ചടങ്ങ് കാണാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളും എത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.