പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ പരാതിയില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളുകയായിരുന്നു.
ഇമെയില്‍ വഴി ലഭിച്ച പുതിയ ബലാത്സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ പാലക്കാട് കെപിഎം റീജന്‍സിയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് രാഹുലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്.
പിന്നീട് പത്തനംതിട്ട എആര്‍ ക്യാംപില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ആറര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം രാവിലെ പതിനൊന്നിന് ശേഷം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
ആശുപത്രിയില്‍ എത്തിച്ചപ്പോഴും വൈദ്യ പരിശോധന പൂര്‍ത്തിയാക്കി മടങ്ങുന്ന സമയത്തും ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. സുരക്ഷയ്ക്കായി വന്‍ പൊലീസ് സന്നാഹമാണ് ഉണ്ടായിരുന്നത്.
രാഹുല്‍ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. ആശുപത്രിയിലേക്ക് കയറുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമവും ഉണ്ടായി.
രാഹുല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് മൂന്നാമത്തെ കേസിലെ യുവതി നല്‍കിയ പരാതിയിലുള്ളത്. പാലക്കാട് ഫ്‌ളാറ്റ് വാങ്ങി തരണമെന്ന് രാഹുല്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നും പരാതിയില്‍ പറയുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ലഭിക്കുന്ന മൂന്നാമത്തെ ബലാത്സംഗ പരാതിയാണിത്. ആദ്യ രണ്ട് പരാതിയിലും മുന്‍കൂര്‍ ജാമ്യത്തില്‍ തുടരുകയായിരുന്നു രാഹുല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.