ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ പുണ്യകുടീരം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തിലെ പ്രധാന തിരുനാളിന് ഇന്നും നാളെയുമായി തുടക്കമാകുന്നു. തിരുനാളിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന ജപമാല പ്രദക്ഷിണം ക്ലാരമഠത്തിലേക്ക് നടക്കും. ഫാ. മാത്യു തയ്യിൽ ജപമാല പ്രദക്ഷിണത്തിന് കാർമികത്വം വഹിക്കും. ചടങ്ങിൽ ഫാ. ഡോ. സരീഷ് തൊണ്ടാംകുഴി തിരുനാൾ സന്ദേശം നൽകും.
നാളെയാണ് പ്രധാന തിരുനാൾ ദിനം. നാളെ പുലർച്ചെ 4.45 മുതൽ രാത്രി 9.30 വരെ തീർത്ഥാടന കേന്ദ്രത്തിൽ തുടർച്ചയായി വിശുദ്ധ കുർബാനകൾ ഉണ്ടായിരിക്കുന്നതാണ്. രാവിലെ 7.00 മണിക്ക് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും. രാവിലെ 8.30 മണിക്ക് മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാനയർപ്പിച്ച് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും.
രാവിലെ 10.30 മണിക്ക് ഇടവകപ്പള്ളിയിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ തിരുനാൾ ഹൈമാസ്സ് വിശുദ്ധ കുർബാന നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30 മണിക്ക് പ്രധാന തിരുനാൾ പ്രദക്ഷിണം നടക്കും.
വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന്റെ എട്ടാം ദിവസമായ ഇന്നലെ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ദിവ്യബലി അർപ്പിച്ചു. തന്റെ ജീവിതകാലത്ത് ഈശോയോട് നിരന്തരം സംഭാഷണത്തിൽ ആയിരുന്ന അൽഫോൻസാമ്മ ഇന്ന് എല്ലാവരോടും സംസാരിക്കുകയാണെന്ന് കർദിനാൾ വ്യക്തമാക്കി. ഈ പുണ്യ കുടീരം സന്ദർശിച്ച് പ്രാർത്ഥിക്കുന്ന എല്ലാവരും ആത്മീയമായി നവീകരിക്കപ്പെട്ട് സ്വഭവനങ്ങളിലേക്ക് തിരികെ പോകുന്നത് സഭയുടെ ആധ്യാത്മിക പാരമ്പര്യം വിശുദ്ധരിലൂടെ സംജാതമാകുന്നതിന് തെളിവാണെന്നും മാർ ജോർജ് ആലഞ്ചേരി കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.